പുതിയ നികുതികൾ ഇല്ല;പ്രവാസികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് 1,000 കോടി രൂപ വായ്പ

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻറെ ആദ്യ ബജറ്റിൽ പുതിയ നികുതികൾ പ്രഖ്യാപിക്കാതെ ധനമന്ത്രി കെ.എൻ.ബാലഗോപാൽ. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. നികുതിയിൽ ഒറ്റത്തവണ തീർപ്പാക്കൽ തുടരും. പ്രതിസന്ധി ഘട്ടത്തിൽ കടമെടുത്തായാലും നാടിനെ രക്ഷിക്കുമെന്ന നയം തുടരും. ചെലവു ചുരുക്കാനും വരുമാനം കൂട്ടാനുമുള്ള പദ്ധതികൾ പ്രതിസന്ധിക്കുശേഷം പ്രഖ്യാപിച്ചേക്കും.

പ്രവാസികള്‍ക്ക് കുറഞ്ഞ പലിശയ്ക്ക് 1,000 കോടി രൂപ വായ്പ നൽകുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ. പലിശ ഇളവ് നൽകുന്നതിനായി 25 കോടി വകയിരുത്തി. കെഎഫ്സിയുടെ വായ്പ അടുത്ത 5 വർഷം കൊണ്ട് 10,000 കോടിയായി ഉയർത്തും. ഈ വർഷം 4,500 കോടി രൂപയുടെ പുതിയ വായ്പ കെഎഫ്സി അനുവദിക്കും. കെഎഫ്സിയിൽനിന്ന് വായ്പ എടുത്ത് 2020 മാർച്ചുവരെ കൃത്യമായി തിരിച്ചടച്ചവർക്ക് കോവിഡ് പ്രതിസന്ധിയിൽനിന്ന് കരകയറുന്നതിന് 20 ശതമാനം അധിക വായ്പ അനുവദിച്ചിരുന്നു. ഇത്തരം സംരംഭകർക്ക് 20 ശതമാനം വായ്പകൂടി അധികമായി നൽകും. ഇതിനായി 50 കോടി വകയിരുത്തി. പ്രതിസന്ധി നേരിടുന്നവർക്ക് വായ്പാ തിരിച്ചടവിന് ഒരു വര്‍ഷം മൊറട്ടോറിയം അനുവദിക്കും.

ആയുഷ് വകുപ്പിന് 20 കോടി അനുവദിക്കും. വിനോദസഞ്ചാര മേഖലയ്ക്ക് മാർക്കറ്റിങിന് 50 കോടി രൂപ അധികമായി വകയിരുത്തി. ടൂറിസം പുനരുജ്ജീവന പാക്കേജിന് സർക്കാർ വിഹിതമായി 30 കോടി രൂപ അനുവദിച്ചു. വില്ലേജ് ഓഫിസുകൾ എല്ലാം സ്മാർട്ടാക്കും. കോവിഡ് കാരണം മാതാപിതാക്കൾ മരിച്ച കുട്ടികൾക്ക് പ്രഖ്യാപിച്ച ധനസഹായത്തിനായി 5 കോടി രൂപ വകയിരുത്തി. കെ.ആർ.ഗൗരിയമ്മയ്ക്കും ആർ.ബാലകൃഷ്ണപിള്ളയ്ക്കും സ്മാരകം നിർമിക്കുന്നതിന് രണ്ടു കോടി വീതം വകയിരുത്തി.