പുതിയ പ്രതീകം; ഇ ശ്രീധരന് പകരം സഞ്ജു സാംസൺ

തിരുവനന്തപുരം:കേരള ഐക്കൺ സ്ഥാനത്തുനിന്ന് ഇ ശ്രീധരനെ തെരഞ്ഞെടുപ്പ് കമ്മീഷൻ മാറ്റി. ശ്രീധരൻ ബിജെപിയിൽ ചേർന്നതോടെയാണ് ഈ മാറ്റം. ക്രിക്കറ്റ് താരം സഞ്ജു സാംസണെ പുതിയ ഐക്കൺ ആയി തിരഞ്ഞെടുത്തു. നേരത്തെ ഐക്കൺ ആയിരുന്ന കെ എസ് ചിത്ര ഐക്കണായി തുടരും.

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻറെ പോസ്റ്ററുകളിൽ നിന്ന് ഇ ശ്രീധരന്റെ ചിത്രം നീക്കം ചെയ്യും. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഐക്കൺ ഇ ശ്രീധരനും കെ എസ് ചിത്രയും ആയിരുന്നു.

ചിത്രയോടും ശ്രീധരനോടും അനുവാദം തേടിയിട്ടാണ് അന്ന് കമ്മിഷൻ ഇവരെ ഉൾപ്പെടുത്തിയിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിലും ഇവരെ പ്രതീകങ്ങളാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ ശ്രീധരൻ ബിജെപിയിൽ ചേർന്നതോടെ നിഷ്പക്ഷ വ്യക്തിത്വമായി കണക്കാക്കാനാകില്ലെന്നാണ് കമ്മിഷന്റെ നിലപാട്. ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേർന്നാൽ അവരെ പ്രതീകങ്ങൾ എന്നതിൽനിന്നു മാറ്റുക എന്നതു സാധാരണ നടപടിക്രമം മാത്രമാണെന്നും കമ്മിഷൻ വിശദീകരിച്ചു.