പുതിയ വൈറസ് ; സംസ്ഥാനവും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി
ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ കൊവിഡിന്റെ ജനിതക മാറ്റം സംഭവിച്ച പുതിയ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനവും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍.
സംസ്ഥാനത്തെ മുഴുവന്‍ എയര്‍പോര്‍ട്ടുകളിലും നിരീക്ഷണ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ബ്രിട്ടന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നെത്തിയ 18 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ അവരെ ബാധിച്ചത് ജനിതക മാറ്റം സംഭവിച്ച വൈറസാണോ എന്ന് അറിയാനിരിക്കുന്നതേയുള്ളൂ. അവരുടെ സ്രവം പരിശോധനയ്ക്കായി പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. അതിന്റെ ഫലം ലഭ്യമാവുന്ന മുറയ്ക്ക് മാത്രമേ ഇതേക്കുറിച്ച് എന്തെങ്കിലും പറയാനാകൂ എന്നും മന്ത്രി പറഞ്ഞു.
പുതിയ വൈറസിനും നേരത്തേയുള്ള ചികില്‍സ തന്നെയാണ് നല്‍കുക. എന്നാല്‍ ഇതിന്റെ പകര്‍ച്ചാ ശേഷി പഴയതിനെക്കാള്‍ 70 ശതമാനം കൂടുതലാണെന്നതാണ് പുതിയ വൈറസിനെ കൂടുതല്‍ അപകടകാരിയാക്കുന്നത്. അതിനാല്‍ ഇത് വ്യാപിക്കാതിരിക്കാനുള്ള നടപടികള്‍ ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ഇക്കാര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം.
പുതിയ സാഹചര്യത്തില്‍ കൊവിഡ് വ്യാപന സാധ്യത മുന്നില്‍ക്കണ്ട് കൂടുതല്‍ സിഎഫ്‌എല്‍ടിസികള്‍ ഒരുക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറയ്ക്കുന്നതിനാല്‍ നേരത്തേയുണ്ടായ സിഎഫ്‌എല്‍ടിസികളില്‍ പലതും വിട്ടുനല്‍കേണ്ടി വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പുതിയ സംവിധാനങ്ങള്‍ ഒരുക്കേണ്ടതുണ്ട്.
സ്വകാര്യ ആശുപത്രികളുടെ കൂടി സഹകരണത്തോടെ ജില്ലയിലെ കൊവിഡ് ചികില്‍സാ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. ജില്ലയില്‍ ഹോം ക്വാറന്റൈന്‍ സംവിധാനം നല്ല രീതിയില്‍ മുന്നോട്ടുപോകുന്നുണ്ട്. അതേസമയം, ആശുപത്രിയിലെത്തുന്ന ബി കാറ്റഗറി രോഗികള്‍ക്ക് മികച്ച ചികില്‍സ ലഭ്യമാക്കുകയും ഗുരുതരാവസ്ഥയിലുള്ള സി കാറ്റഗറിയിലേക്ക് അവര്‍ മാറാതിരിക്കാന്‍ ജാഗ്രത കാണിക്കുകയും വേണം. സി കാറ്റഗറിയിലുള്ളവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് മരണ നിരക്ക് പരമാവധി പിടിച്ചുനിര്‍ത്താന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ മുഴുവന്‍ ആശുപത്രികളിലും കൊവിഡ് ചികില്‍സയ്‌ക്കൊപ്പം കൊവിഡ് ഇതര രോഗങ്ങള്‍ക്കുള്ള ചികില്‍സ ലഭ്യമാക്കുന്നുവെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ ആരോഗ്യ രംഗത്ത് അടിസ്ഥാന സൗകര്യ വികസനത്തിന്റെ കാര്യത്തില്‍ മുമ്ബെങ്ങുമില്ലാത്ത കുതിച്ചു ചാട്ടമാണ് കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ കൈവരിക്കാനായത്.
ജില്ലാ-ജനറല്‍-താലൂക്ക് ആശുപത്രികളില്‍ അത്യാധുനിക സംവിധാനങ്ങളോടെയുള്ള കെട്ടിടങ്ങളും നവീന ചികില്‍സാ സൗകര്യങ്ങളുമാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പലിയടങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും യോഗം വിലയിരുത്തി. ജില്ലയില്‍ മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റും. കെട്ടിടനിര്‍മാണം പൂര്‍ത്തിയായില്ലെങ്കിലും രണ്ടു മാസത്തിനകം അവയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു.
ജില്ലയില്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയിലാണ് നടന്നുവരുന്നതെന്നും അതില്‍ പങ്കാളികളായ മുഴുവന്‍ ആളുകളെയും അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.