പൂട്ടിയിട്ട ഒരു മുറിക്കുള്ളിൽ സ്ത്രീയേയും പുരുഷനേയും ഒരുമിച്ചു കണ്ടാൽ അനാശാസ്യമാകില്ല; മദ്രാസ് ഹൈക്കോടതി.

ചെന്നൈ: പൂട്ടിയിട്ട ഒരു മുറിക്കുള്ളിൽ സ്ത്രീയേയും പുരുഷനേയും ഒരുമിച്ചു കണ്ടാൽ അവർ തമ്മിൽ അനാശാസ്യ ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് കരുതാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. വനിതാ കോൺസ്റ്റബിളിനൊപ്പം ഒരുമുറിയിൽ കണ്ടെത്തിയെന്ന് ആരോപിച്ച് സായുധ റിസർവ് പോലീസ് കോൺസ്റ്റബിളിനെ സർവീസിൽ നിന്ന് പിരിച്ചുവിട്ട കേസ് പരിഗണിക്കവെയാണ് കോടതിയുടെ സുപ്രധാനമായ പരാമർശം.

കേസിൽ രണ്ട് കോൺസ്റ്റബിൾമാരും തമ്മിൾ തെറ്റായ ബന്ധമുണ്ടെന്ന് തെളിയിക്കാൻ ദൃക്സാക്ഷിയോ മറ്റേതെങ്കിലും വ്യക്തമായ തെളിവുകളോ ഇല്ലെന്നവാദം ഹൈക്കോടതി ശരിവയ്ക്കുകയും ചെയ്തു.

1998 ലാണ് കേസിനാസ്പദമായ സംഭവം. വനിതാ കോൺസ്റ്റബിളിനൊപ്പം ക്വാർട്ടേഴ്സ് മുറിയിൽ ഒന്നിച്ചുകണ്ടുവെന്ന് ആരോപിച്ച് കോൺസ്റ്റബിൾ ശരവണ ബാബുവിനെതിരേയാണ് നടപടി സ്വീകരിച്ചത്.

തൊട്ടടുത്ത് താമസിക്കുന്ന വനിതാ കോൺസ്റ്റബിൾ വീടിന്റെ താക്കോൽ തിരഞ്ഞാണ് തന്റെ വീട്ടിലെത്തിയത്. ആ സമയത്ത് മറ്റാരോ ആണ് വാതിൽ പുട്ടിയത്. അയൽവാസികൾ വന്ന് വാതിൽ മുട്ടിയപ്പോൾ മുറി പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇതുകണ്ടാണ് അനാശാസ്യ പ്രവർത്തനം സംശയിച്ചതെന്നുമാണ് ശരവണ പറഞ്ഞിരുന്നത്.