പെരിന്തൽമണ്ണയിലെ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഇടതു സ്ഥാനാർത്ഥി കെപിഎം മുസ്തഫ

മലപ്പുറം: പെരിന്തൽമണ്ണയിലെ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഇടതു സ്ഥാനാർത്ഥി കെപിഎം മുസ്തഫ. തപാൽ വോട്ടിൽ ഉൾപ്പെട്ട പ്രായമായവരുടെ വിഭാഗത്തിലെ 375 വോട്ടുകൾ എണ്ണിയിട്ടില്ലെന്ന് കെപിഎം മുസ്തഫ. പറഞ്ഞു.

ഈ തപാൽവോട്ടുകളിലെ കവറിന് പുറത്ത് സീൽ ഉണ്ടായിരുന്നില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. സീൽ ചെയ്യേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ ഉദ്യോഗസ്ഥരാണ്. അതിന് വോട്ടർമാരെ പഴി പറഞ്ഞിട്ട് കാര്യമില്ല. യുഡിഎഫ് അനുകൂല ഉദ്യോഗസ്ഥർ മന:പൂർവ്വം സീൽ ചെയ്യാതിരുന്നതാണോയെന്ന് സംശയമുണ്ടെന്നും മുസ്തഫ ആരോപിച്ചു.

പെരിന്തൽമണ്ണയിൽ 38 വോട്ടുകൾക്കാണ് ഇടത് സ്ഥാനാർത്ഥിയായ കെപിഎം മുസ്തഫ യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരത്തിനോട് തോറ്റത്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷവും പെരിന്തൽമണ്ണയിലാണ്.