പെൻഷൻ അംഗത്വം പുനസ്ഥാപിക്കൽ: ജൂൺ 30 വരെ കുടിശിക അടക്കാം
പത്രപ്രവർത്തക / പത്രപ്രവർത്തകേതര പെൻഷൻ പദ്ധതിയിൽ അംഗത്വം നേടിയതിനുശേഷം, 2020 മാർച്ച് മുതൽ ഏതെങ്കിലും കാലഘട്ടത്തിൽ ആറു മാസത്തിലധികം അംശദായ കുടിശ്ശിക വന്ന് അംഗത്വം റദ്ദായവർക്ക് അത് പുനസ്ഥാപിക്കാൻ ജൂൺ 30 വരെ ബന്ധപ്പെട്ട ഓഫീസിൽ കുടിശ്ശിക തുക 15% പിഴപ്പലിശ സഹിതം അടയ്ക്കാമെന്ന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ എസ് ഹരികിഷോർ അറിയിച്ചു.
അംഗത്വം സ്ഥാപിക്കാനായി അപേക്ഷകർ എന്നു മുതൽ അംശദായം മുടങ്ങിയെന്നും മുടങ്ങിയതിൻ്റെ കാരണവും വ്യക്തമാക്കുന്ന അപേക്ഷ, നിലവിൽ പത്രപ്രവർത്തകനായി /പത്രപ്രവർത്തകേതര ജീവനക്കാരായി ജോലി ചെയ്യുന്നുണ്ട് എന്ന് തെളിയിക്കുന്ന അസ്സൽ തൊഴിൽ സർട്ടിഫിക്കറ്റ്, മുമ്പ് അംഗത്വം റദ്ദായിട്ടുണ്ടോ എന്നും ഉണ്ടെങ്കിൽ എത്ര തവണ പുനഃസ്ഥാപിക്കപ്പെട്ടു എന്നും ബോധിപ്പിക്കുന്ന രേഖ (അപേക്ഷകൻ വെള്ളക്കടലാസിൽ തയ്യാറാക്കിയ സത്യപ്രസ്താവന), ഏറ്റവും ഒടുവിലത്തെ അടവു വിവരം വരെ രേഖപ്പെടുത്തിയ പാസ് ബുക്ക് എന്നീ രേഖകൾ മേഖലാ / ജില്ലാ ഓഫീസിൽ ലഭ്യമാക്കണം.
മേൽപ്പറഞ്ഞ കാലയളവിലെ കുടിശ്ശിക മൂലമാണ് അംഗത്വം റദ്ദ് ആയതെന്നും അംശദായം മുടങ്ങിയതു മുതൽ തുക അടയ്ക്കുന്നതിന് തൊട്ടുമുമ്പുള്ള മാസം വരെ അപേക്ഷകൻ ചട്ടപ്രകാരമുള്ള പത്രപ്രവർത്തകനായി / പത്രപ്രവർത്തകേതര ജീവനക്കാരനായി തുടരുന്നുണ്ടെന്നും മുമ്പ് മൂന്നു തവണ അംഗത്വം സ്ഥാപിക്കപ്പെട്ടിട്ടില്ല എന്നും മേഖലാ ഡെപ്യൂട്ടി ഡയറക്ടർ / ജില്ലാ ഇൻഫർമേഷൻ ഓഫീസർ രേഖകൾ പരിശോധിച്ച് ഉറപ്പു വരുത്തിയതിനു ശേഷമാണ് തുക സ്വീകരിക്കുക. വിശദ വിവരങ്ങൾക്കും തൊഴിൽ സർട്ടിഫിക്കറ്റിൻ്റെ മാതൃകയ്ക്കും വകുപ്പിൻ്റെ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുമായോ ജില്ലാ ഇൻഫർമേഷൻ ഓഫീസുമായോ ബന്ധപ്പെടണം.