പോപ്പുലർ ഫ്രണ്ട് റാലിക്കിടെ പ്രകോപന മുദ്രാവാക്യം: അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും

പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ അറസ്റ്റിലായവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കുട്ടിയെ തോളിലേറ്റി പ്രകടനത്തിൽ പങ്കെടുത്ത പോപ്പുലർ ഫ്രണ്ട് ആലപ്പുഴ ജില്ലാ പ്രസിഡൻറ് നവാസ് വണ്ടാനം, ഈരാറ്റുപേട്ട നടയ്ക്കൽ പറനാനി അൻസാർ നജീബ് എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കൂടാതെ ജില്ലാ സെക്രട്ടറി മുജീബിനും കണ്ടാൽ തിരിച്ചറിയാൻ കഴിയുന്ന മറ്റുള്ളവർക്കുമെതിരെ ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. കേസിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

തിങ്കളാഴ്ച രാത്രിയാണ് അൻസാർ നജീബിനെ ഈരാറ്റുപേട്ടയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. ഈരാറ്റുപേട്ട എം.ഇ.എസ് ജംഗ്ഷൻ സമീപം മലയോര കച്ചവടം നടത്തിവരികയായിരുന്ന അൻസാർ മുദ്രാവാക്യത്തിൻറെ വീഡിയോ വൈറലായതോടെ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ഇയാളെ മറ്റക്കാട് നിന്നാണ് കസ്റ്റഡിയിലെടുത്തത്. എസ്.ഡി.പി.ഐ പ്രവർത്തകനായിരുന്ന അൻസാറിനെ പാലാ ഡി.വൈ.എസ്.പിയുടെ ഓഫീസിൽ കൊണ്ടുപോയി ആലപ്പുഴ സൗത്ത് പൊലീസിൻ കൈമാറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മുദ്രാവാക്യം വിളിച്ച കുട്ടിയെ തനിക്ക് അറിയില്ലെന്നും മറ്റ് പലരും കുട്ടിയെ തോളിലേറ്റി നിൽക്കുന്നത് കണ്ടതിനെ തുടർന്നാണ് താനും കുഞ്ഞിനെ തോളിലേറ്റിയതെന്നും അൻസാർ പൊലീസിനോട് പറഞ്ഞു. കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അൻസാർ കുട്ടിയുടെ ബന്ധുവല്ലെന്നും കുട്ടിയെ തിരിച്ചറിഞ്ഞാൽ മാതാപിതാക്കളെയും പ്രതി ചേർക്കുമെന്നും ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് പറഞ്ഞു.