പോപ്പുലർ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യം കുട്ടിയെ പഠിപ്പിച്ചതെന്ന് റിമാൻഡ് റിപ്പോർട്ട്

പോപ്പുലർ ഫ്രണ്ട് റാലിയിലെ മുദ്രാവാക്യം കുട്ടിയെ പഠിപ്പിച്ചതെന്ന് റിമാൻഡ് റിപ്പോർട്ട്. എസ്.ഡി.പി.ഐ തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയായ സുധീറാണ് കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ അച്ഛന്റെ അടുത്ത സുഹൃത്തും വീട്ടിലെ സ്ഥിരം സന്ദർശകനുമാണ് സുധീർ. ഇയാളെയും മറ്റുള്ളവരെയും കഴിഞ്ഞ ദിവസം പൊലീസ് റിമാൻഡ് ചെയ്തിരുന്നു.

മുദ്രാവാക്യം വിളിക്കാൻ കുട്ടിയെ സഹായിച്ചതും പിതാവാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. മതസ്പർദ്ധ വളർത്താനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടന്നതെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, പൊലീസ് കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവ് യഹിയ തങ്ങൾക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. പോപ്പുലർ ഫ്രണ്ട് ആലപ്പുഴ എസ്പി ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ നടത്തിയ വിവാദ പരാമർശവുമായി ബന്ധപ്പെട്ടാണ് പുതിയ കേസ്. ഐപിസി സെക്ഷൻ 505 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊതുസ്ഥലത്ത് ഉൾപ്പെടെ ജഡ്ജിമാരെ അധിക്ഷേപിക്കുന്നതും യഹിയയ്ക്കെതിരെയുള്ള ആരോപണങ്ങളിൽ ഉൾപ്പെടുന്നു.