പ്രണയത്തില്‍ നിന്ന് പിന്മാറി:യുവതിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ

പ്രണയത്തില്‍ നിന്ന് പിന്മാറിയെന്ന കാരണത്താല്‍ യുവതിയെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല കോട്ടത്തോട് മഠത്തിൽപറമ്പിൽ വീട്ടിൽ വിഷ്ണു (26), കോട്ടത്തോട് വാഴക്കുന്നത്ത് വീട്ടിൽ അക്ഷയ് (25) എന്നിവരാണ് അറസ്റ്റിലായത്. കോയിപ്രം സ്വദേശിനിയായ 28-കാരിയെയാണ് കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇന്നലെ വൈകീട്ടാണ് യുവതിയെ ഇരുവരും ചേര്‍ന്ന് കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. അപകത്തില്‍ പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചിക്തസയിലാണ്. കാറിടിച്ച് തെറിച്ച് വീണതിനെ തുടര്‍ന്ന് യുവതിയുടെ തലയ്ക്ക് ക്ഷതമേറ്റു. യുവതിയുടെ വലത് കൈയുടെ അസ്ഥിയ്ക്കും പൊട്ടലുണ്ട്. 

തുകലശ്ശേരി മാക്‍ഫാസ്റ്റ് കോളേജിന് സമീപമാണ് കൊലപാതക ശ്രമം നടന്നത്. യുവതിയുമായി വിഷ്ണു രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് യുവതി ഈ ബന്ധത്തില്‍ നിന്നും പിന്മാറി. ഇതാണ് ഇവരെ കൊലപ്പെടുത്താനുള്ള പ്രേരയായതെന്ന് പൊലീസ് പറയുന്നു. തുടര്‍ന്നാണ് യുവതിയെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വാഹനം ഓടിച്ചത് .വിഷ്ണുവാണ്. കൂട്ടുപ്രതിയായ അക്ഷയ്‌‍യുടെ പിതാവിന്‍റെ പേരിലുള്ളതായിരുന്നു വാഹനം. യുവതിയെ ഇടിച്ചു തെറിപ്പച്ചതിന് ശേഷം ഇരുവരും കാറുമായി കടന്നു കളയുകയായിരുന്നു. യുവതിയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്