പ്രണയാഭ്യർഥന വൈറലായി; വിദ്യാർഥികളെ പുറത്താക്കി യൂണിവേഴ്സിറ്റി

കോളജ് ക്യാംപസിൽ സഹപാഠിയോട് പ്രണയാഭ്യർഥന നടത്തുന്ന പെൺകുട്ടിയുടെ വിഡിയോ വൈറലായതിനു പിന്നാലെ വിദ്യാർഥികളെ പുറത്താക്കി

പാക്കിസ്ഥാനിലെ ലാഹോർ യൂണിവേഴ്സിറ്റി. പെരുമാറ്റത്തിന് മാന്യതയില്ലെന്ന കാരണത്തിലാണ് യൂണിവേഴ്സിറ്റിയുടെ ‌നടപടി.പുറത്താക്കൽ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്

പെൺകുട്ടി മുട്ടുകുത്തിനിന്ന് പൂക്കൾ നീട്ടി തന്റെ സഹപാഠിയോട് പ്രണയാഭ്യർഥന നടത്തുന്നതും ഇരുവരും ആലിംഗനം ചെയ്യുന്നതുമാണ് വിഡിയോയിലുള്ളത്. ഇവരുടെ സുഹൃത്തുക്കൾ ചുറ്റിലുംനിന്ന് പ്രോത്സാഹിപ്പിക്കുന്നതും കാണാം. ഈ വിഡിയോ വൈറലായതോടെയാണ് യൂണിവേഴ്സിറ്റിയുടെ കനത്ത നടപടി.

പ്രത്യേക കമ്മറ്റി കൂടി വിദ്യാർഥികൾക്ക് വിശദീകരണം നൽകാൻ അവസരം നൽകിയിരുന്നതായും എന്നാൽ രണ്ടുപേരും എത്തിയില്ലെന്നും യൂണിവേഴ്സിറ്റി അറിയിപ്പിൽ വ്യക്തമാക്കി. അതിനാൽ ഇവരെ പുറത്താക്കുകയാണ്. യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ക്യാംപസുകളിലേക്ക് പ്രവേശിക്കുന്നതിനും വിദ്യാർഥികൾക്ക് വിലക്കുണ്ട്.

ശൈശവ വിവാഹം, പീഡനം, കൊലപാതകം എന്നിവയെല്ലാം സാധാരണമായ ഒരു രാജ്യത്ത് പ്രണയം തുറന്നു പറയുന്നത് വലിയ കുറ്റമാകുന്ന സാഹചര്യം ഭയപ്പെടുത്തുന്നു എന്നാണ് വിദ്യാർഥി സംഘടനകൾ പ്രതികരിച്ചത്. ‌ഇരുവരെയും തിരിച്ചെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്