പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; മുഖ്യപ്രതി അറസ്റ്റിൽ

സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെത്തിയ പ്രവാസി അബ്ദുൾ ജലീലിനെ (42) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. അക്കപ്പറമ്പ് കാര്യമാട് സ്വദേശി യഹിയ മുഹമ്മദ് യഹിയ (35) ആണ് അറസ്റ്റിലായത്. മലപ്പുറം എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.അഗളി സ്വദേശിയാണ് അബ്ദുൾ ജലീൽ.

പെരിന്തൽമണ്ണയിലും അക്കപ്പറമ്പിലും രഹസ്യ സ്ഥലങ്ങളിൽ അബ്ദുൾ ജലീലിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് യഹിയ മുഹമ്മദ് യഹിയ. മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് സുജിത് ദാസിൻറെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.സന്തോഷ് കുമാർ, മേലാറ്റൂർ സി.ഐ ഷാരോൺ എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ രാത്രി അക്കപ്പറമ്പിലെ രഹസ്യ കേന്ദ്രത്തിൽ നിന്ന് യഹിയയെ പിടികൂടിയത്.