പ്രശസ്ത സം​ഗീത സംവിധായകൻ പാരീസ് ചന്ദ്രൻ അന്തരിച്ചു

പ്രശസ്ത ചലച്ചിത്ര-നാടക സംഗീത സംവിധായകൻ ചന്ദ്രൻ വേയാട്ടുമ്മൽ (പാരിസ് ചന്ദ്രൻ-66) അന്തരിച്ചു. ദൃഷ്ടാന്തം, ചായില്യം, ബോംബെ മിഠായി, നഗരം, ഈട, ബയോസ്‌കോപ്പ്, ഞാൻ സ്റ്റീവ് ലോപ്പസ് തുടങ്ങിയ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്. 1988-ൽ ബി.ബി.സി.യുടെ ‘ദി മൺസൂൺ’ എന്ന റേഡിയോ നാടകത്തിനും അദ്ദേഹം സംഗീതം നൽകി.

2008-ൽ ബയോസ്കോപ്പ് എന്ന ചിത്രത്തിന്റെ പശ്ചാത്തലസംഗീതത്തിന് കേരളസംസ്ഥാന അവാർഡും 2010-ൽ ‘പ്രണയത്തിൽ ഒരുവൾ’ എന്ന ടെലിഫിലിമിലൂടെ മികച്ച സംഗീത സംവിധായകനുള്ള കേരളസംസ്ഥാന ടെലിവിഷൻ അവാർഡും നേടി. 1989-91 ൽ ലണ്ടനിലെ പ്രശസ്തമായ റോയൽ നാഷണൽ തിയേറ്ററിൽ പരിപാടികൾ അവതരിപ്പിച്ചു.
ഭാര്യ: ശൈലജ. മക്കൾ: ആനന്ദ് രാഗ്, ആയുഷ്. പിതാവ്: പരേതനായ കോരപ്പൻ. അമ്മ: പരേതയായ അമ്മായിയമ്മ. സഹോദരങ്ങൾ: സൗമിനി, സൗദാമിനി, സതിദേവി, പുഷ്പവല്ലി, സൗന്ദരരാജൻ (പ്രൊഫസർ, സ്വാതിതിരുനാൾ മ്യൂസിക് കോളേജ്, തിരുവനന്തപുരം), പരേതരായ ശ്രീനിവാസൻ, ശിവാനന്ദൻ. ശവസംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിൻ നരിക്കുനി വട്ടപ്പാറപ്പൊയിലിലെ വീട്ടിൽ നടക്കും.