പ്രശ്ന ബാധിത ബൂത്തുകളിൽ കേന്ദ്രസേനയെ നിയോഗിക്കും; ടിക്കാറാം മീണ.
തിരുവനന്തപുരം∙ പ്രശ്ന ബാധിത ബൂത്തുകളിൽ കേന്ദ്രസേനയെ നിയോഗിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണ. കേരള പൊലീസ് ബൂത്തിനു പുറത്തായിരിക്കും. മറ്റുള്ള ബൂത്തുകളിൽ ഇടകലർന്നായിരിക്കും ഡ്യൂട്ടി.
50 ശതമാനം ബൂത്തുകളിലും വെബ് കാസ്റ്റിങ് ഏർപ്പെടുത്തും. കള്ളവോട്ടിനെതിരെ പോളിങ് ഓഫിസർമാർ ശക്തമായ നിലപാട് സ്വീകരിക്കണമെന്നു ടിക്കാറാം മീണ പറഞ്ഞു.
തപാൽ ബാലറ്റുകളുടെ അച്ചടി ജില്ലാതലത്തിൽ ആരംഭിച്ചു. 80 വയസ്സു കഴിഞ്ഞവർക്കു പുറമേ ഭിന്നശേഷിക്കാർക്കും, കോവിഡ് ബാധിതർക്കും, പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർക്കും തപാൽ വോട്ട് അനുവദിക്കും. ഇവരുടെ പട്ടിക തയാറാക്കി കമ്മിഷൻ നേരിട്ട് അപേക്ഷ വീട്ടിലെത്തിക്കും. നാമനിർദേശ പത്രിക പിൻവലിച്ച് 3 ദിവസത്തിനുശേഷം തപാൽ ബാലറ്റ് വിതരണം ചെയ്യും. തപാൽ ബാലറ്റിനു അപേക്ഷിക്കുന്നവരുടെ വിവരം സ്ഥാനാർഥികൾക്കും കൈമാറും. 2 പോളിങ് ഓഫിസർ, സെക്യൂരിറ്റി, വിഡിയോഗ്രാഫർ എന്നിവരുൾപ്പെടുന്ന സംഘം വീട്ടിലെത്തി തപാൽ ബാലറ്റ് കൈമാറും. നടപടികൾ വിഡിയോയിൽ പകർത്തും. ഉദ്യോഗസ്ഥർ തപാൽ ബാലറ്റ് നൽകാൻ പോകുന്ന സമയം സ്ഥാനാർഥിയെയും വോട്ടറെയും അറിയിക്കണം. സ്ഥാനാർഥിക്കു വീടിനുള്ളിൽ കയറാൻ കഴിയില്ല.
തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഇത്തവണ കൂടുതൽ ആളുകൾ വേണ്ടിവരുമെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു. 2,30,000 പേരായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇത്തവണ 3,50,000 ആളുകൾ വേണ്ടിവരും. ഡ്യൂട്ടിയിലുള്ള മുഴുവൻ ഉദ്യോഗസ്ഥർക്കും കോവിഡ് വാക്സിനേഷൻ നൽകും. താൽപര്യമില്ലെങ്കിൽ വാക്സീൻ എടുക്കേണ്ടതില്ലെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ പറഞ്ഞു.