പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ നൽകിയ കേസിൽ പിതാവിന് തടവുശിക്ഷ

കാസർകോട് : പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ നൽകിയ കേസിൽ പിതാവിന് തടവുശിക്ഷ. ചട്ടഞ്ചാൽ തെക്കിലിലെ സി.എ.മുഹമ്മദിനെയാണ് (57) ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് (സി.ജി.എം.) കോടതി ജഡ്ജി സി.ദീപു ശിക്ഷിച്ചത്. പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ നൽകിയതിന് 25,000 രൂപ പിഴയടയ്ക്കാനായിരുന്നു കോടതി ആദ്യം ശിക്ഷ വിധിച്ചത്.എന്നാൽ ഇദ്ദേഹത്തിന്റെ പക്കൽ 5,000 രൂപ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തുടർന്ന് പിഴയ്ക്കുപകരം ആറുമാസത്തെ തടവിന് വിധിച്ചെങ്കിലും പ്രതിയുടെ പ്രായവും അവസ്ഥയും പരിഗണിച്ച്‌ തടവ് 15 ദിവസമാക്കി ചുരുക്കുകയായിരുന്നു.

മൂത്തമകന്‌ വാങ്ങിയ വണ്ടി പ്രായപൂർത്തിയാകാത്ത രണ്ടാമത്തെ മകൻ ഓടിക്കുന്നതിനിടെയാണ് മേൽപ്പറമ്പ് പോലീസിന്റെ പിടിയിലായത്. 2022 ജൂണിലായിരുന്നു പോലീസ് വാഹനം പിടിച്ചത്. തെക്കിൽ നിസാമുദ്ദീൻ നഗർ ഭാഗത്തുനിന്ന് ചട്ടഞ്ചാൽ ഭാഗത്തേക്ക് ഹെൽമെറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചുവരികയായിരുന്നു. പോലീസിന്റെ പരിശോധനയിൽ വണ്ടിയോടിച്ചിരുന്ന കുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും വാഹനം ഓടിക്കുന്നതിനുള്ള രേഖകൾ ഉണ്ടായിരുന്നില്ലെന്നും മനസ്സിലായിഇന്ത്യൻ ശിക്ഷാനിയമത്തിലെ 336 വകുപ്പ് (പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന രീതിയിലുള്ള ഡ്രൈവിങ്), ഇന്ത്യൻ മോട്ടോർ വാഹനനിയമത്തിലെ 199 എ വകുപ്പുകൾ പ്രകാരമാണ് പോലീസ് കുട്ടിയുടെ പിതാവിനെതിരെ കേസെടുത്തത്.