പ്ലസ് വണ്‍ പരീക്ഷ; രണ്ടു ദിവസത്തിനകം ഒരുക്കങ്ങള്‍ പൂര്‍ത്തിയാകും
സപ്തംബര്‍ ആറിന് പ്ലസ് വണ്‍ പരീക്ഷ തുടങ്ങാനിരിക്കെ കൊവിഡ് പശ്ചാത്തലം കണക്കിലെടുത്ത് ജില്ലയിലെ പരീക്ഷാ മുന്നൊരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കും. പരീക്ഷയുടെ മുന്നോടിയായി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഹയര്‍സെക്കണ്ടറി പ്രിന്‍സിപ്പല്‍മാരുടെ യോഗത്തിലാണ് തീരുമാനം. സ്‌കൂളുകള്‍ ശുചീകരിക്കുന്നതടക്കമുള്ള നടപടികള്‍ രണ്ടു ദിവസത്തിനകം പൂര്‍ത്തീകരിക്കും. അതത് സ്ഥലങ്ങളിലെ ജനപ്രതിനിധികളുടെ മേല്‍നോട്ടത്തില്‍ പിടിഎയുടെയും നാട്ടുകാരുടെയും സഹകരണത്തോടെയാണ് പരീക്ഷയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തുക. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ടാവും പരീക്ഷ നടത്തിപ്പ്.
പ്ലസ് വണ്‍ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളുടെ ആത്മ വിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും കൊവിഡ് ബാധിച്ച കുട്ടിളെയും പ്രാഥമിക സമ്പര്‍ക്കത്തിലുള്ള വിദ്യാര്‍ഥികളെയും കണ്ടെത്തുന്നതിനായി ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ആരോഗ്യ പ്രവര്‍ത്തകര്‍ ഗൃഹ സന്ദര്‍ശനം നടത്തും. പരീക്ഷാ കേന്ദ്രങ്ങളില്‍ കുട്ടികള്‍ കൂട്ടം കൂടി നില്‍ക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ഡിസിപ്ലിന്‍ ഓഫീസറായി ഒരു അധ്യാപകനെ നിയമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പരീക്ഷാ കേന്ദ്രങ്ങളോടു ചേര്‍ന്ന ബസ്റ്റോപ്പുകളിലും മറ്റും കുട്ടികള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കാന്‍ പോലീസിന്റെ സഹായം തേടും. കൂട്ടികള്‍ക്ക് പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള ഇടങ്ങളില്‍ കെഎസ്ആര്‍ടിസി സൗകര്യം ഏര്‍പ്പെടുത്തും.
കൊവിഡ് പോസിറ്റീവായവരും ക്വാറന്റൈനിലുള്ളവരുമായ വിദ്യാര്‍ഥികളെ സ്‌കൂളിലെത്തിക്കാന്‍ വാഹന സൗകര്യമേര്‍പ്പെടുത്തുന്നതിനും പി പി ഇ കിറ്റ്, സാനിറ്റൈസര്‍ അടക്കമുള്ള സൗകര്യങ്ങളേര്‍പ്പെടുത്താനും അതത് പഞ്ചായത്ത് പ്രസിഡണ്ടുമാരുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ജനപ്രതിനിധികളുമായി ബന്ധപ്പെട്ട് പ്രാദേശിക തലത്തില്‍ സംവിധാനമൊരുക്കും.
ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്നകുമാരി, ആര്‍ഡിഡി പി എന്‍ ശിവന്‍, ഹയര്‍ സെക്കണ്ടറി കോ ഓഡിനേറ്റര്‍ ടി വി വിനോദ് , ജില്ലാ പഞ്ചായത്ത് സെക്രട്ടി വി ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.