ഫ്ലാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍

കൊച്ചി: ഫ്ലാറ്റില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍. പ്രതിയായ മാര്‍ട്ടിന്‍ ജോസഫിന്റെ സഹോദരനെയും സുഹൃത്തുക്കളെയും ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. കൊച്ചിയില്‍ പീഡനത്തിനിരയായ യുവതി പരാതി നല്‍കി 22 ദിവസങ്ങള്‍ ശേഷവും പ്രതിയായ മാര്‍ട്ടിന്‍ ജോസഫിനെ പിടികൂടാന്‍ പോലീസിന് സാധിച്ചിരുന്നില്ല. അന്വേഷണം കാര്യമായി നടക്കുന്നില്ലെന്ന് പരാതിക്കാരിയും വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്.

കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ലാറ്റില്‍ വച്ച്‌ കണ്ണൂര്‍ സ്വദേശിനിയായ യുവതിക്കാണ് പ്രതി മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലില്‍ നിന്ന് ക്രൂരപീഡനം നേരിടേണ്ടിവന്നത്. എറണാകുളത്ത് ജോലി ചെയ്യുമ്ബോഴാണ് ഇരുവരും പരിചയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് കൊച്ചിയില്‍ കുടുങ്ങിയപ്പോഴാണ് സുഹൃത്തായ മാര്‍ട്ടിനൊപ്പം യുവതി താമസിക്കാന്‍ തുടങ്ങിയത്. മാര്‍ട്ടിന്‍റെ കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്ളാറ്റിലായിരുന്നു താമസം

രണ്ടു സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം. തൃശൂരിലുള്ള സംഘം മാര്‍ട്ടിന്‍ ജോസഫിന്റെ കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൊഴി രേഖപ്പെടുത്തി.

ഇയാളുടെ സഹോദരനും സുഹൃത്തുക്കളും ചേര്‍ന്നാണ് മാര്‍ട്ടിന്‍ ജോസഫിനെ രക്ഷപ്പെടാന്‍ സഹായം ഒരുക്കിയത്. ഇയാള്‍ എവിടെയാണ് ഒളിവില്‍ താമസിക്കുന്നത് വിവരങ്ങള്‍ പൊലീസ് അന്വേഷിക്കുകയാണ്. പ്രതിയെ പിടികൂടാനായി നേരത്തെ തന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതുകൊണ്ടുതന്നെ ഇയാള്‍ രാജ്യം വിട്ടുപോകാന്‍ സാധ്യതയില്ല. തൃശ്ശൂരില്‍ തന്നെ മാര്‍ട്ടിന്‍ ജോസഫ് ഉണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാളുടെ ഫോണ്‍ രേഖകള്‍ അടക്കം പരിശോധിച്ചാണ് പൊലീസിന്റെ നീക്കം. തൃശൂര്‍ എത്തിയ മാര്‍ട്ടിന്‍ ജോസഫ് കാര്‍ ഉപയോഗിച്ചാണ് ഇവിടെനിന്ന് കടന്നത് എന്നാണ് പൊലീസിന് ലഭിച്ച വിവരം. അതിന്റെ അടിസ്ഥാനത്തിലാണ് 4 കാറുകള്‍ പോലീസ് പിടിച്ചെടുത്തത്.

കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി മാര്‍ട്ടിന്‍ ജോസഫ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. യുവതിയുമായി ഒരു വര്‍ഷത്തിലേറെയായി ഒരുമിച്ച്‌ താമസിക്കുകയായിരുന്നുവെന്നും താനുമായി അകന്നതിനെ തുടര്‍ന്നാണ് പരാതി നല്‍കിയെന്നുമാണ് മാര്‍ട്ടിന്‍ ജോസഫിന്റെ ആരോപണം. സെഷന്‍സ് കോടതിയിലും ജില്ല കോടതിയിലും മാര്‍ട്ടിന്‍ ജോസഫ് നല്‍കിയ ജാമ്യപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. അഞ്ചു ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തതായും യുവതി പരാതി നല്‍കിയിട്ടുണ്ട്.