ബംഗാളില്‍ നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് ലോക്ഡൗണ്‍

കൊൽക്കത്ത: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബംഗാളിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. അവശ്യ സർവീസുകൾക്ക് മാത്രമാവും പ്രവർത്തനാനുമതി. കൊൽക്കത്ത മെട്രോ റെയിൽ ഉൾപ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുമെന്ന് സർക്കാർ നിർദേശത്തിൽ വ്യക്തമാക്കി.

അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മണി മുതൽ രാവിലെ പത്ത് മണി വരെ മാത്രമേ പ്രവർത്തിക്കാൻ അനുമതിയുള്ളൂവെന്ന് ബംഗാൾ ചീഫ് സെക്രട്ടറി വ്യക്തമാക്കി. മധുരപലഹാരങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ച് മണി വരെ പ്രവർത്തിക്കാം. പെട്രോൾ പമ്പുകൾ, ബാങ്കുകൾ എന്നിവയുടെ പ്രവൃത്തിസമയം രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയാക്കി കുറച്ചു. മറ്റെല്ലാം വ്യാപാര സ്ഥാപനങ്ങളും അടച്ചിടണം. അതേസമയം, തേയില തോട്ടങ്ങളിൽ അമ്പത് ശതമാനം ആളുകൾക്ക് ജോലി ചെയ്യാം.