ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

കൊൽക്കത്ത∙ ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മമതയ്ക്ക് മുഖ്യമന്ത്രിക്കസേരയിൽ ഇത് മൂന്നാം ഊഴമാണ്. രാജ്ഭവനിൽ കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിച്ച് ലളിതമായ ചടങ്ങായിരുന്നു ഒരുക്കിയിരുന്നത്. 67 അതിഥികൾ മാത്രമേ ഉണ്ടായിരുന്നുള്ളു. ഗവർണർ ജഗദീപ് ധൻകർ സത്യവാചകം ചൊല്ലിക്കൊടുത്തു.

മുൻമുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ്, പ്രതിപക്ഷ നേതാവായിരുന്ന അബ്ദുൽ മന്നൻ, ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി തുടങ്ങി വളരെ കുറച്ചുപേർക്ക് മാത്രമേ ക്ഷണമുണ്ടായിരുന്നുള്ളൂ. ചടങ്ങിൽ സൗരവ് ഗാംഗുലി മുഖ്യാതിഥിയായി പങ്കെടുത്തു. എന്നാൽ ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് ചടങ്ങിൽ നിന്ന് വിട്ടുനിന്നു.