ബസ് വൈകിയതിനാല്‍ വിമാനയാത്ര മുടങ്ങി: കെഎസ്ആര്‍ടിസി നഷ്ടപരിഹാരം നല്‍കണമെന്ന് വിധി

ബസ് വൈകിയതിനാല്‍ വിമാനയാത്ര മുടങ്ങി: കെഎസ്ആര്‍ടിസി നഷ്ടപരിഹാരം നല്‍കണമെന്ന് വിധി. ബസ് മണിക്കൂറുകളോളം വൈകിയതിനാല്‍ വിമാന യാത്ര മുടങ്ങിയതിന് നഷ്ടപരിഹാരം നല്‍കണമെന്ന് കോഴിക്കോട് പെര്‍മനന്റ് ലോക് അദാലത്ത് വിധിച്ചു.

കോഴിക്കോട് അരീക്കാട് തച്ചമ്പലം മലബാര്‍വില്ലയില്‍ ഇ.എം. നസ്‌നക്ക് 51,552 രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് ലോക് അദാലത്തിന്റെ വിധി. കെ.എസ്.ആര്‍.ടി.സി. എം.ഡി. ,കോഴിക്കോട് ഡി.ടി.ഒ., ബസ് ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരെ പ്രതി ചേര്‍ത്താണ് പരാതിക്കാരി ഹരജി നല്‍കിയത്.

കൊച്ചിയിൽ നിന്ന് ബാംഗ്ലൂർക്കുള്ള ബസ് ക്രമാതീതമായി വൈകിയതിനാൽ യാത്രക്കാരിക്കും ഭർത്താവിനും വിമാനയാത്ര മുടങ്ങി.

മൈസൂരിലെത്തിയപ്പോഴേക്കും നാലര മണിക്കൂർ ബസ് വൈകിയിരുന്നു. മൈസൂരിൽ ഇറങ്ങി ബാംഗ്ലൂരിലേക്ക് ടാക്സി വിളിക്കേണ്ടി വന്നു. പക്ഷേ വിമാനത്തിൽ പോകാനായില്ല. തുടർന്ന് മറ്റൊരു ഫ്ളൈറ്റിൽ ഡൽഹിയിലേക്ക് യാത്ര ചെയ്യേണ്ടിവന്നു.

ഇതെല്ലാം വ്യക്തമാക്കി അവർ സമർപ്പിച്ചപരാതി പരിശോധിച്ചശേഷമാണ് അദാലത്ത് ചെയർമാൻ വി.പ്രകാശ്, അംഗങ്ങളായ എം.ടി. രാജൻ നായർ, ബി. വേണുഗോപാലൻ എന്നിവർ തീർപ്പുകല്പിച്ചത്. മൂന്നുമാസത്തിനകം പണം നല്കണമെന്നും പരാതിക്കാരിക്ക് കോടതി ചെലവായി 5000 രൂപ നല്കണമെന്നും കെ.എസ്.ആർ.ടി.സി.യ്ക്ക്് ബസ് ജീവനക്കാരിൽനിന്ന് തുക ഈടാക്കാവുന്നതാണെന്നും വിധി തീർപ്പിൽ പറയുന്നു.