ബാലചന്ദ്രകുമാറിനെതിരായ പീഡന കേസിന്റെ വിശദമായ റിപ്പോര്‍ട്ട് കോടതിയില്‍
നടൻ ദിലീപിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ ലൈംഗിക പീഡനക്കേസിൽ പൊലീസ് പ്രോഗ്രസ് റിപ്പോർട്ട് സമർപ്പിച്ചു. എളമക്കര പൊലീസാണ് ആലുവ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഈ മാസം 19നു റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചെങ്കിലും കോടതി അതൃപ്തി അറിയിക്കുകയായിരുന്നു. അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചത്. തുടർന്ന് അന്വേഷണം ഇതുവരെ എവിടെ എത്തിയെന്ന് വിശദീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ജഡ്ജി ഉത്തരവിട്ടു. ഇതനുസരിച്ച് ഇന്ന് റിപ്പോർട്ട് സമർപ്പിച്ചു.
ഏതാനും മാസങ്ങൾക്ക് മുമ്പ് കണ്ണൂർ സ്വദേശിയാണ് ബാലചന്ദ്രകുമാറിനെതിരെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. തുടർന്ന് പരാതി എളമക്കര പൊലീസിനു കൈമാറി. തിരുവനന്തപുരം ഹൈടെക് സെൽ അഡീഷണൽ എസ്.പി ബിജുമോനെയാണ് കേസന്വേഷണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്ത് രണ്ട് മാസം കഴിഞ്ഞിട്ടും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് മാത്രമല്ല, ചാനൽ ചർച്ചകളിലും പരസ്യങ്ങളിലും പ്രതി പങ്കെടുക്കുന്നുണ്ട്. ഇത് പരാതിക്കാരി കോടതിയിൽ ചൂണ്ടിക്കാട്ടി. ഇതിൻ പിന്നാലെയാണ് കോടതിയുടെ ഇടപെടൽ.
കൊച്ചിയിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ബാലചന്ദ്രകുമാറിനെതിരായ പരാതി. ജോലി വാഗ്ദാനം ചെയ്താണ് ബാലചന്ദ്രകുമാർ യുവതിയെ കൊച്ചിയിലേക്ക് വിളിപ്പിച്ചത്. 10 വർഷം മുൻപാണ് യുവതി പ്രതിയായ സംഭവം നടന്നത്. എറണാകുളം പുതുക്കലവട്ടത്തുള്ള ഗാനരചയിതാവിൻറെ വീട്ടിലാണ് സംഭവം. ഒരു സുഹൃത്തിൽ നിന്നാണ് ബാലചന്ദ്രകുമാറിൻറെ ഫോൺ നമ്പർ ലഭിച്ചത്. ജോലി അന്വേഷിച്ച് ഞാൻ അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെട്ടു. സിനിമയിൽ അഭിനയിക്കാനെന്ന വ്യാജേന കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയതായി യുവതി പരാതിയിൽ പറയുന്നു.