ബിടിഎസ് സംഗീതലോകത്തു നിന്നു ദീർഘമായ ഇടവേളയെടുക്കുന്നു.
ദക്ഷിണകൊറിയൻ ബോയ് ബാൻഡ് ബിടിഎസ് സംഗീതലോകത്തു നിന്നു ദീർഘമായ ഇടവേളയെടുക്കുന്നു. സംഘാംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ജീവിതത്തിനു തുടക്കം കുറിക്കുകയാണെന്ന് ബാൻഡ് ഔദ്യോഗികമായി അറിയിച്ചു. ബാൻഡ് രൂപീകരിച്ച് 9 വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്നിനു ശേഷമാണ് ബിടിഎസിന്റെ പുതിയ പ്രഖ്യാപനം.
ലൈവ് പരിപാടിയുമായി ലോകവേദിയിലെത്തുന്നതിനു മുൻപ് ബിടിഎസ് അംഗങ്ങൾ താമസിച്ചിരുന്ന വീട്ടിൽ വച്ചായിരുന്നു അത്താഴ വിരുന്ന്. തങ്ങളുടെ ഭൂതകാലത്തേക്കുറിച്ചു പറഞ്ഞതുടങ്ങിയ സംഘം, പിന്നീട് താന്താങ്ങളുടെ പുതിയ ജീവിതദിശ പറഞ്ഞാണ് സംഭാഷണം അവസാനിപ്പിച്ചത്. വർഷങ്ങളോളം ഒരുമിച്ചു താമസിച്ച തങ്ങളുടെ പഴയ വീടിനേക്കുറിച്ചുള്ള ഓര്‍മകളും ബാൻഡ് അംഗങ്ങള്‍ പങ്കുവച്ചു.
ഓരോരുത്തരുടേയും കഴിവിനെ കൂടുതൽ വളർത്തിയെടുക്കാനും ജീവിതത്തിലെ പുതിയ ദിശ കണ്ടെത്താനുമായി തങ്ങൾ താൽക്കാലികമായി ഒരു ഇടവേളയെടുക്കുന്നുവെന്നാണ് ബിടിഎസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ബാൻഡ് അംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ആൽബങ്ങളുമായി ഉടൻ ലോകത്തിനു മുന്നിലെത്തുമെന്നും സംഘം അറിയിച്ചു. ബിടിഎസ് താരം ജെഹോപ് ആണ് ആദ്യ സോളോ സംഗീത പരിപാടിക്കു തുടക്കം കുറിക്കുന്നതെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.