ബെവ് ക്യൂ ആപ്പ് വൈകിയേക്കും.

തിരുവനന്തപുരം:ബെവ് ക്യൂ ആപ്പ് വൈകിയേക്കും. പ്രവർത്തന സജ്ജമാക്കാൻ അഞ്ചു ദിവസമെങ്കിലും വേണ്ടിവരുമെന്ന് ഫെയര്‍കോഡ് അധികൃതർ . സേർവർ സ്പേസ് പ്രവർത്തന സജ്ജമാക്കണം. ബാർ,ബെവ് കോ ഔട്ട്ലെറ്റ് എന്നിവയുടെ വിവരം ഉൾപ്പെടുത്തണം. മൊബൈൽ കമ്പനികളുമായി ഒ ടി പി സംബന്ധിച്ച് കരാർ ഉണ്ടാകണം. ഇതിനായി നടപടികൾ തുടങ്ങിയെന്നും ഫെയർകോഡ്.

മദ്യം ബുക്ക് ചെയ്യാൻ ബെവ്ക്യൂ ആപ്പ് ഉപയോഗിക്കുന്നത് സംബന്ധിച്ചാണ് അഭിപ്രായ വ്യത്യാസം. ഇക്കാര്യം ചർച്ച ചെയ്യാൻ എക്സൈസ്-ബെവ്കോ പ്രതിനിധികൾ ബുധനാഴ്ച എക്സൈസ് മന്ത്രി എംവി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തും.

അൺലോക്ക് ഇളവുകളുടെ ഭാഗമായി വ്യാഴാഴ്ച മുതൽ മദ്യശാലകൾ തുറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ ഇക്കാര്യം എങ്ങനെ വേണമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയായിട്ടില്ല. മദ്യശാലകളിലെ തിരക്ക് നിയന്ത്രിക്കാൻ മൊബൈൽ ആപ്പ് ഏർപ്പെടുത്തണോ അതോ പോലീസിനെ ഉപയോഗിച്ച് തിരക്ക് നിയന്ത്രിച്ചാൽ മതിയോ എന്ന കാര്യത്തിലാണ് അവ്യക്തത തുടരുന്നത്.

ആവശ്യത്തിന് ഷോപ്പുകൾ തുറക്കുന്നത് കൊണ്ട് തിരക്കുണ്ടാകില്ലെന്നും പോലീസിനെ ഉപയോഗിച്ച് തന്നെ നിയന്ത്രിക്കാമെന്നുമാണ് എക്സൈസിന്റെ നിലപാട്. അഭിപ്രായ വ്യത്യാസമുള്ള സാഹചര്യത്തിൽ ബുധനാഴ്ച എക്സൈസ് മന്ത്രിയുമായുള്ള ഉദ്യോഗസ്ഥ ചർച്ചയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാവുകയുള്ളു.