ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ മിഥുൻ പോലീസിൽ കീഴടങ്ങി
കണ്ണൂർ: ബോംബേറിൽ യുവാവ് കൊല്ലപ്പെട്ട കേസിൽ പ്രതികളിലൊരാളായ ഏച്ചൂർ സ്വദേശി മിഥുൻ പോലീസിൽ കീഴടങ്ങി. സംഭവത്തിന് പിന്നാലെ ഒളിവിൽപോയ ഇയാൾ, ചൊവ്വാഴ്ച രാവിലെ കണ്ണൂർ എടക്കാട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയതായാണ് വിവരം.
ഞായറാഴ്ചയാണ് തോട്ടടയിലുണ്ടായ ബോംബേറിൽ ഏച്ചൂർ സ്വദേശിയായ ജിഷ്ണു കൊല്ലപ്പെട്ടത്. വിവാഹപാർട്ടി വരന്റെ വീട്ടിലേക്ക് വരുന്നതിനിടെയായിരുന്നു ബോംബാക്രമണം. ശനിയാഴ്ച രാത്രി വിവാഹസത്കാരത്തിനിടെയുണ്ടായ തർക്കത്തിന് പിന്നാലെയാണ് ബോംബുമായി ഒരുസംഘം വിവാഹാഘോഷത്തിന് എത്തിയത്. തുടർന്ന് ഇവർ ബോംബെറിഞ്ഞപ്പോൾ ഇതേസംഘത്തിൽപ്പെട്ട ജിഷ്ണുവിന്റെ തലയിൽ ബോംബ് വീണ് പൊട്ടി കൊല്ലപ്പെടുകയായിരുന്നു.