ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചത് രണ്ടുകിലോ സ്വർണം; കരിപ്പൂരിൽ യാത്രക്കാരൻ പിടിയിൽ
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ടുകിലോ സ്വർണവുമായി യാത്രക്കാരൻ പിടിയിൽ. മണ്ണാർക്കാട് സ്വദേശി ഹക്കീമിനെയാണ് എയർ കസ്റ്റംസ് പിടികൂടിയത്. ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചാണ് ഇയാൾ സ്വർണം കടത്തിയതെന്നും പിടിച്ചെടുത്ത സ്വർണത്തിന് വിപണയിൽ 1.11 കോടി രൂപ വിലവരുമെന്നും അധികൃതർ പറഞ്ഞു.
പുലർച്ചെ കരിപ്പൂരിൽ വിമാനമിറങ്ങിയ ഹക്കീമിന്റെ ബഗേജ് എക്സറേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോളാണ് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയത്. തുടർന്ന് ബഗേജിനുള്ളിലെ ബ്ലൂടൂത്ത് സ്പീക്കർ അഴിച്ച് പരിശോധിച്ചതോടെ സ്വർണം കണ്ടെത്തുകയായിരുന്നു. വിമാനടിക്കറ്റും 70,000 രൂപയുമാണ് സ്വർണക്കടത്ത് സംഘം തനിക്ക് വാഗ്ദാനം ചെയ്തതെന്നാണ് ഹക്കീമിന്റെ മൊഴി. സംഭവത്തിൽ കസ്റ്റംസ് വിശദമായ അന്വേഷണം ആരംഭിച്ചു.