ഭക്ഷ്യവിഷബാധക്കെതിരെ ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
ജില്ലയുടെ ചില ഭാഗങ്ങളില്‍ ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത
സാഹചര്യത്തില്‍ പൊതുജനങ്ങളും സ്‌കൂള്‍, ഹോസ്റ്റല്‍ അധികൃതരും വിദ്യാര്‍ ത്ഥികളും രക്ഷിതാക്കളും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഹോട്ടല്‍ഭക്ഷണം, പൊതുചടങ്ങുകളില്‍ വിതരണം ചെയ്യുന്ന ഭക്ഷണം എന്നിവ വഴിയും ചിലപ്പോള്‍ വീട്ടിലും സ്‌കൂളിലും ഹോസ്റ്റലിലുമുണ്ടാക്കുന്ന ഭക്ഷണം വഴിയും ഭക്ഷ്യവിഷബാധയേല്‍ക്കാറുണ്ട്. ഭക്ഷണം പാചകം ചെയ്യുമ്പോഴും
സൂക്ഷിച്ചു വെക്കുമ്പോഴും സംഭവിക്കുന്ന അശ്രദ്ധയും വൃത്തിക്കുറവുമാണ് ഭക്ഷണത്തെ വിഷമയമാക്കി മാറ്റുന്നതും അണുബാധയിലേക്ക് വഴിയൊരുക്കുന്നതും. ഭക്ഷണത്തില്‍ കലരുന്ന രാസവസ്തുക്കള്‍ മൂലമോ ഭക്ഷണം പഴകുമ്പോള്‍ ഉണ്ടാകുന്ന
ബാക്ടീരിയയുടെ വളര്‍ച്ച മൂലമോ ഭക്ഷ്യവിഷബാധ സംഭവിക്കാം. പൊടിപടലങ്ങളില്‍ നിന്നും മലിന ജലത്തില്‍ നിന്നുമൊക്കെ ബാക്ടീരിയ ഭക്ഷണത്തില്‍ കലരാം.
ഭക്ഷ്യവിഷബാധയുടെ കാരണങ്ങള്‍
*മലിനജലത്തിന്റെ ഉപയോഗം
*പാചകം ചെയ്യുന്നവരുടെ ശുചിത്വമില്ലായ്മ
*പാചകം ചെയ്യാനുപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളില്‍ മാലിന്യം
കലരുന്നത്
*ഭക്ഷണം പാചകം ചെയ്യാനുപയോഗിക്കുന്ന പാത്രങ്ങളില്‍ നിന്ന്
*ഭക്ഷണം പാചകം ചെയ്തതിനു ശേഷം സൂക്ഷിക്കുന്ന പാത്രങ്ങളില്‍ നിന്ന്
*ഈച്ച, പാറ്റ, പല്ലി തുടങ്ങിയ മുഖേന
*ഇറച്ചി, മീന്‍, പാല്‍, പാലുല്‍പന്നങ്ങള്‍, മുട്ട എന്നിവ പാചകം
ചെയ്തതിനുശേഷം നിയന്ത്രിതമായ ഊഷ്മാവില്‍സൂക്ഷിക്കുന്നില്ലെങ്കില്‍
ലക്ഷണങ്ങള്‍
*ഭക്ഷണം കഴിച്ചശേഷമുണ്ടാകുന്ന ഓക്കാനം, ഛര്‍ദ്ദി, മനംപിരട്ടല്‍, ശരീരവേദന,
ശരീരത്തില്‍ തരിപ്പ്, വയറിളക്കം, വയറുവേദന
*ഭക്ഷണം കഴിച്ചതിനുശേഷം മണിക്കൂറുകള്‍ക്കുള്ളിലോ ചിലപ്പോള്‍ ഒരു ദിവസം
വരെ നീണ്ടുനില്‍ക്കുന്ന ഇടവേളയ്ക്ക് ശേഷമോ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാം.
*ഭക്ഷ്യവിഷബാധ തലച്ചോറിനെയും നാഡീവ്യൂഹത്തെയും ബാധിച്ച് മരണം വരെ
സംഭവിക്കാം.
ചികിത്സ
ഗുരുതരമല്ലെങ്കില്‍ 2 -3 മണിക്കൂര്‍ കൊണ്ട് ഭേദമാകും. രോഗിക്ക് ധാരാളം തിളപ്പി ച്ചാറിയ വെള്ളം, കരിക്കിന്‍ വെള്ളം, ഒ ആര്‍ എസ് ലായനി തുടങ്ങിയവ കുടിക്കാന്‍ നല്‍കണം. രോഗിയുടെ ശരീരത്തില്‍ ജലാംശം കുറയാതെ നോക്കണം. ഛര്‍ദ്ദി ആവര്‍ത്തിക്കുക, ഒരു ദിവസം കഴിഞ്ഞും ഭേദമാകാതിരിക്കുക, തളര്‍ന്ന് അവശനിലയിലാവുക, വയറിളക്കം പിടിപെടുക, കടുത്ത വയറുവേദന അനുഭവപ്പെടുക, മലത്തില്‍ രക്തത്തിന്റെ അംശം കാണുക
എന്നീ ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം.
മുന്‍കരുതലുകള്‍
*ശുചിത്വമാണ് ഏറ്റവും പ്രധാനം. പാചകം ചെയ്യുന്ന അടുക്കളയും
പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം
*കിണര്‍വെള്ളം മലിനമാകാത്തവിധം കിണര്‍ വലയിട്ടു മൂടുകയും വെള്ളം
നിശ്ചിത ഇടവേളകളില്‍ ക്ലോറിനേറ്റ് ചെയ്യുകയും വേണം
*ജലസംഭരണികള്‍ നന്നായി അടച്ചുസൂക്ഷിക്കുകയോ വലയിട്ട് മൂടുകയോ ചെയ്യുക
*ശുചിമുറികള്‍ ദിവസേന രണ്ടുനേരവും വൃത്തിയായി കഴുകി സൂക്ഷിക്കുകയും
ജലലഭ്യത ഉറപ്പുവരുത്തുകയും വേണം
*ഭക്ഷണം പാചകം ചെയ്യുന്നതിനു മുമ്പും വിതരണം ചെയ്യുന്ന സമയത്തും
കൈകള്‍ വൃത്തിയായി കഴുകുക
*പാചകത്തൊഴിലാളികളില്‍ ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്യപ്പെടുകയാണെങ്കില്‍ രോഗം ഭേദമാകുന്നതുവരെ പാചകവൃത്തിയില്‍
നിന്നും മാറ്റിനിര്‍ത്തണം
*നഖം കൃത്യമായ ഇടവേളകളില്‍ വെട്ടി വൃത്തിയായി സൂക്ഷിക്കുക
*ഭക്ഷണം വിളമ്പുന്ന പാത്രങ്ങള്‍, ഇലകള്‍ എന്നിവ നന്നായി വൃത്തിയാക്കിയിരിക്കണം
*ഭക്ഷണാവശിഷ്ടങ്ങള്‍ അടുക്കളയിലോ പരിസരത്തോ കൂട്ടിയിടാതെ വേസ്റ്റ്
ബാസ്‌ക്കറ്റിലിട്ട് യഥാസമയം പുറത്തുകളയണം. വേസ്റ്റ് ബാസ്‌ക്കറ്റ് എല്ലാ
ദിവസവും വൃത്തിയാക്കി വെക്കണം
*ഈച്ചശല്യം ഒഴിവാക്കണം
*ചീഞ്ഞ പച്ചക്കറികള്‍, പഴകിയ മീന്‍, മുട്ട, ഇറച്ചി എന്നിവ ഒരു കാരണ വശാലും
ഉപയോഗിക്കരുത്
*പച്ചക്കറികള്‍ ഉപ്പും വിനാഗിരിയും ഇട്ട് നന്നായി കഴുകിയതിനു ശേഷം മാത്രമേ
ഉപയോഗിക്കാവൂ
*കേടായ ഭക്ഷ്യവസ്തുക്കള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കരുത്
*പാചകം ചെയ്ത ആഹാരപദാര്‍ത്ഥങ്ങള്‍ ഒരിക്കലും തുറന്നു വെക്കരുത്
*ഭക്ഷണം പാചകം ചെയ്യാന്‍ ശുദ്ധജലമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പു
വരുത്തണം
*പാചകം ചെയ്ത ഭക്ഷണസാധനങ്ങള്‍ നിയന്ത്രിതമായ ഊഷ്മാവിലല്ല
സൂക്ഷിക്കുന്നതെങ്കില്‍ അവ ഒരു നിശ്ചിതസമയത്തിനു ശേഷം ഉപയോഗി
ക്കാതിരിക്കണം
*കുടിക്കുന്നതിനു നന്നായി തിളപ്പിച്ച വെള്ളം മാത്രം നല്‍കണം
*വഴിയോര കച്ചവട സ്ഥാപനങ്ങള്‍, തട്ടുകടകള്‍ മുതലായ ഇടങ്ങളില്‍ നിന്നും
ആഹാരപദാര്‍ത്ഥങ്ങള്‍, ശീതളപാനീയങ്ങള്‍, ഐസ്‌ക്രീം, ഉപ്പിലിട്ട് സൂക്ഷിക്കുന്ന
ഫലവര്‍ഗ്ഗങ്ങള്‍ മുതലായവ കഴിക്കുന്നതില്‍ നിന്നും കുട്ടികളെ പിന്തിരിപ്പിക്കണം
*പഴകിയതും പൂപ്പലുള്ളതുമായ ഭക്ഷണം കഴിക്കരുത്
*പാക്കറ്റില്‍ ലഭ്യമായ, എക്സ്പയറി ഡേറ്റ് കഴിഞ്ഞ ആഹാര പദാര്‍ത്ഥങ്ങള്‍
ഉപയോഗിക്കരുത്
*പഠനയാത്രകള്‍ പോകുമ്പോള്‍ വൃത്തിയും ശുചിത്വവുമുള്ള ഹോട്ടലുകളില്‍
നിന്നു മാത്രം ആഹാരം കഴിക്കുക.