ഭവന പുനരുദ്ധാരണ പദ്ധതി

മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈൻ ന്യൂനപക്ഷ മതവിഭാഗത്തിലുള്ള വിധവകൾ/വിവാഹം വേർപെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവനപുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകും. വീടിന്റെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനാണ് സഹായം. അറ്റകുറ്റപ്പണിക്ക് 50,000 രൂപയാണ് സഹായം. ഇതു തിരിച്ചടക്കേണ്ടതില്ല. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയും വീടിന്റെ വിസ്തീർണം പരമാവധി 1200 ചതുരശ്ര അടി ആകണം. ബി പി എൽ കുടുംബത്തിനും കുടുംബത്തിലെ ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കും പെൺകുട്ടികൾ മാത്രമുള്ള അപേക്ഷകർക്കും മുൻഗണനയുണ്ട്. പ്രത്യേക അപേക്ഷാ ഫോറം വഴിയാണ് അപേക്ഷിക്കേണ്ടത്.
സർക്കാർ അല്ലെങ്കിൽ അർധസർക്കാർ സ്ഥിരവരുമാനമുള്ള മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ 10 വർഷത്തിനുള്ളിൽ ഭവനനിർമാണ സഹായം ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഇത്തരത്തിൽ സഹായം ലഭിക്കാത്തവർ ആനൂകൂല്യം ലഭിച്ചില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് വില്ലേജിൽ നിന്നോ പഞ്ചായത്തിൽ നിന്നോ വാങ്ങണം.
2022-23 വർഷത്തിൽ ഭൂമികരം ഒടുക്കിയ രസീത്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പും വീട് അറ്റകുറ്റപണി ചെയ്യാനുണ്ടെന്നും വീടിന്റെ വിസ്തീർണം 1200 ചതുരശ്ര അടിയിൽ കുറവാണെന്നും സാക്ഷ്യപ്പെടുത്തുന്നതിന് വില്ലേജ് ഓഫീസർ അല്ലെങ്കിൽ തദ്ദേശ സ്വയംഭരണസ്ഥാപന അസിസ്റ്റന്റ് എഞ്ചിനിയർ അല്ലെങ്കിൽ ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യപത്രവും വേണം.
പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ അല്ലെങ്കിൽ ഡെപ്യൂട്ടി കലക്ടർ(ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെഷൻ, ജില്ലാ കലക്ടറേറ്റ് എന്ന വിലാസത്തിൽ തപാൽ മുഖാന്തരം ആഗസ്റ്റ് 30നകം അപേക്ഷിക്കണം. അപേക്ഷ ഫോറം www.minoritywelfare.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.