ഭാരത് ബന്ദ് ആരംഭിച്ചു; കേരളത്തെ ബാധിക്കില്ല

ദില്ലി: കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ബന്ദ്. ട്രേഡ് യൂണിയനുകൾ, ബാർ അസോസിയേഷനുകൾ, രാഷ്ട്രീയ പാർട്ടികൾ അടക്കമുള്ള സംഘടനകൾ കർഷകരുടെ ഇന്നത്തെ ഭാരത് ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. റോഡ്, റെയിൽ ഗതാഗതം തടയും

കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും മിനിമം താങ്ങുവിലയ്ക്ക് (എം‌എസ്‌പി) നിയമപരമായ ഉറപ്പ് നൽകണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങി മറ്റ് നിരവധി സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിഷേധിക്കുന്ന ആയിരക്കണക്കിന് കർഷകർ ഡൽഹി അതിർത്തികളായ സിങ്കു, തിക്രി, ഖാസിപൂർ എന്നിവിടങ്ങളിൽ നടത്തുന്ന സമരം തുടരുകയാണ്.

രണ്ടാം തവണയാണ് കർഷകർ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് നടക്കുന്നത്. ഡിസംബർ എട്ടിന് ഡൽഹി, ഹരിയാന, പഞ്ചാബ്, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, അസം എന്നിവിടങ്ങളിലായിരുന്നു ആദ്യത്തെ ‘ബന്ദ്’ നടന്നത്. ഇതിന് നിരവധി ട്രേഡ് യൂണിയനുകളിൽ നിന്നും മറ്റ് പല സംഘടനകളിൽ നിന്നും കോൺഗ്രസും എൻസിപിയും ഉൾപ്പെടെ 24 പ്രതിപക്ഷ പാർട്ടികളിൽ നിന്നും പിന്തുണ ലഭിച്ചിരുന്നു