ഭാര്യയുടെ സ്വകാര്യഭാഗം ഭർത്താവ് അലൂമിനിയം നാര് കൊണ്ട് തുന്നിക്കെട്ടി.

ലഖ്നൗ: ഉത്തർപ്രദേശിലെ രാംപുർ ജില്ലയിലെ മിലാക്കിൽ രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയുടെ സ്വകാര്യഭാഗം ഭർത്താവ് അലൂമിനിയം നാര് കൊണ്ട് തുന്നിക്കെട്ടി. സംഭവത്തിൽ പ്രതിയായ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ചയാണ് മിലാക്ക് സ്വദേശിയും ഡ്രൈവറുമായ യുവാവ് ഭാര്യയോട് ക്രൂരത കാണിച്ചതെന്ന് പോലീസ് പറഞ്ഞു. ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന് ഇയാൾക്ക് സംശയമുണ്ടായിരുന്നു. തുടർന്ന് ചാരിത്രപരിശോധന നടത്തണമെന്ന് ഇയാൾ ആവശ്യപ്പെട്ടു. ഇതിന് സമ്മതിച്ച ഭാര്യയെ കൈകാലുകൾ കെട്ടിയിട്ടു. ശേഷം അലൂമിനിയം നാര് ഉപയോഗിച്ച് സ്വകാര്യ ഭാഗം തുന്നിക്കെട്ടുകയായിരുന്നു.

മാരകമായ മുറിവേറ്റ് യുവതിക്ക് രക്തസ്രാവമുണ്ടായതോടെ ഭർത്താവ് വീട്ടിൽനിന്നും രക്ഷപ്പെട്ടു. പിന്നീട് യുവതി സമീപഗ്രാമത്തിൽ താമസിക്കുന്ന മാതാവിനെ വിളിച്ചുവരുത്തി. ഇവരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്.

യുവതിയുടെയും മാതാവിന്റെയും പരാതിയിൽ പ്രതിയെ പിടികൂടിയതായി പോലീസ് പറഞ്ഞു. വൈദ്യപരിശോധനയിൽ യുവതിക്ക് ഗുരുതര പരിക്കേറ്റതായി തെളിഞ്ഞിട്ടുണ്ടെന്നും ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കൃത്യമായ ചികിത്സ ഉറപ്പുവരുത്തിയെന്നും രാംപുർ എസ്.പി. അറിയിച്ചു.