മട്ടന്നൂരിൽ 24 മണിക്കൂർ ജനസേവനത്തിനായ് സ്വന്തം വാഹനം നിരത്തിലിറക്കി യൂത്ത് കോൺഗ്രസ്സ്

മട്ടന്നൂർ : കോവിഡിന്റെയും കനത്ത മഴയുടെയും പശ്ചാത്തലത്തിൽ മട്ടന്നൂരിലെ ജനങ്ങൾക്ക് മുഴുവൻ സമയ സൗജന്യ വാഹനസേവനവുമായി യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ നിയോജക മണ്ഡലം കമ്മിറ്റി.

തിങ്കളാഴ്ച വൈകുന്നേരം മുതൽ ആരംഭിച്ച വാഹന സർവ്വീസ് നിയോജക മണ്ഡലം പ്രസിഡന്റ് ഫർസിൻ മജീദിന്റെ അധ്യക്ഷതയിൽ കണ്ണൂർ എം.പി യും കെ.പി.സി.സി വർക്കിംങ് പ്രസിഡന്റുമായ കെ.സുധാകരൻ ഫ്ലാഗ് ഓഫ്‌ ചെയ്തു. ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ പഠിച്ച് അതിന് പരിഹാരം കണ്ടെത്തുന്ന യൂത്ത് കോൺഗ്രസ്സിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് കെ.സുധാകരൻ എം.പി അഭിപ്രായപ്പെട്ടു.

കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്ക് ടെസ്റ്റ്‌ ചെയ്യാനുള്ള യാത്രാസൗകര്യം, കോവിഡ് പോസിറ്റീവ് ആയ ആളുകളെ ആശുപത്രിയിൽ എത്തിക്കൽ, വീടുകളിൽ മരുന്ന് എത്തിച്ചു നൽകൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കായിരിക്കും പ്രഥമപരിഗണന എന്ന് നിയോജക മണ്ഡലം പ്രസിഡന്റ് ഫർസിൻ മജീദ് അറിയിച്ചു. യൂത്ത് കോൺഗ്രസ്സ് മട്ടന്നൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് ആർ.കെ. നവീൻ കുമാർ, കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ്‌ ഹരികൃഷ്ണൻ പാളാട്, ആകാശ് ചോലത്തോട്, വിശാഖ്. സി തുടങ്ങിയവർ നേതൃത്വം നൽകി.

നേരത്തെ തന്നെ യൂത്ത് കോൺഗ്രസ്സിന്റെ കിറ്റ് വിതരണവും സന്നദ്ധ സേവന പ്രവർത്തനങ്ങളും ജനശ്രദ്ധ നേടിയിരുന്നു. വാഹനസേവനത്തിനായി ബന്ധപ്പെടേണ്ട നമ്പർ : 8560900100