മട്ടന്നൂർ നഗരസഭാ തിരഞ്ഞെടുപ്പ്;
38811 വോട്ടർമാർ ശനിയാഴ്ച ബൂത്തിലേക്ക്
മട്ടന്നൂർ നഗരസഭാ പൊതുതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആഗസ്റ്റ് 20 ശനിയാഴ്ച രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് മണി വരെ നടക്കും. വോട്ടർ പട്ടികയിൽ ആകെ 38811 വോട്ടർമാരുണ്ട്. 18201 പുരുഷന്മാർ, 20608 സ്ത്രീകൾ, രണ്ട് ട്രാൻസ്ജെൻഡറുകൾ. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളും തിരഞ്ഞെടുപ്പ് സാമഗ്രികളും വെള്ളിയാഴ്ച ഉച്ചയോടെ മട്ടന്നൂർ എച്ച്എസ്എസിൽനിന്ന് സെക്ടറൽ ഓഫീസർമാർ ഏറ്റുവാങ്ങി പോളിംഗ് ബൂത്തുകളിൽ എത്തിച്ചു. വിതരണത്തിന് പൊതുനിരീക്ഷക ആർ കീർത്തി മേൽനോട്ടം വഹിച്ചു. വൈകീട്ടോടെ ബൂത്തുകൾ വോട്ടെുപ്പിന് സജ്ജമായി. ഓരോ വാർഡിലും ഒന്ന് വീതം 35 പോളിംഗ് ബൂത്തുകളാണുള്ളത്.
ആകെയുള്ള 35 വാർഡുകളിലായി 111 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്-49 പുരുഷന്മാരും 62 സ്ത്രീകളും. 18 വാർഡുകൾ സ്ത്രീകൾക്കും ഒരെണ്ണം പട്ടികജാതി വിഭാഗത്തിനും സംവരണം ചെയ്തിട്ടുണ്ട്.
ഓരോ ബൂത്തിലും ഒരു പ്രിസൈഡിംഗ് ഓഫീസർ, ഒരു ഫസ്റ്റ് പോളിംഗ് ഓഫീസർ, രണ്ട് പോളിംഗ് ഓഫീസർമാർ, ഒരു പോളിംഗ് അസിസ്റ്റൻറ് എന്നിങ്ങനെ അഞ്ച് പേരാണ് ഉള്ളത്. 175 പോളിംഗ് ഉദ്യോഗസ്ഥരെയും റിസർവ് ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിട്ടുള്ളത്.
തിരിച്ചറിയൽ രേഖകൾ
വോട്ടു ചെയ്യാൻ തിരിച്ചറിയൽ രേഖകളായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ് എസ് എൽ സി ബുക്ക്, ദേശസാത്കൃത ബാങ്ക് ആറുമാസകാലയളവിന് മുമ്പു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവ ഉപയോഗിക്കാം.
എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗും വീഡിയോഗ്രാഫിയും
സുഗമവും സമാധാനപരവുമായ തിരഞ്ഞെടുപ്പിനുള്ള ക്രമസമാധാനപാലന നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗും വീഡിയോഗ്രാഫിയുമുണ്ടാകും. പ്രശ്നബാധിത ബൂത്തുകളിൽ കൂടുതൽ പോലീസ് സേനയെ വിന്യസിക്കും. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഒബ്സർവർമാർ നേരിട്ട് നിരീക്ഷിക്കും.
വോട്ടിംഗ് മെഷീനുകൾ വോട്ടെടുപ്പിന് ശേഷം ബൂത്തുകളിൽ നിന്ന് നേരിട്ട് ശേഖരിച്ച് സ്ട്രോങ് റൂമിൽ സൂക്ഷിക്കും. ഇതിനായി സെക്ടറൽ ഓഫീസർമാരുടെ നേതൃത്വത്തിൽ ഏഴ് ടീമുകളെ നിയമിച്ചിട്ടുണ്ട്.
വോട്ടെണ്ണൽ 22 ന് രാവിലെ 10 മണിക്ക് ആരംഭിക്കും. മട്ടന്നൂർ ഹയർ സെക്കന്ററി സ്‌കൂളിലാണ് വോട്ടെണ്ണൽ. രണ്ട് കൗണ്ടിംഗ് ഹാളുകൾ സജ്ജമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം www.lsgelection.kerala.gov.in വെബ്സൈറ്റിലെ TREND ൽ അപ്പോൾ തന്നെ ലഭ്യമാകും. വോട്ടെണ്ണൽ കേന്ദ്രത്തിൽ മീഡിയാ സെന്ററും സജ്ജമാക്കിയിട്ടുണ്ട്.