മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് 20ന്;
പോളിംഗ് സാമഗ്രികൾ സെക്ടറൽ ഓഫീസർമാർ ബൂത്തിലെത്തിക്കും

മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആഗസ്റ്റ് 20 ശനിയാഴ്ച നടക്കും. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. 35 പോളിംഗ് ബൂത്തുകളിലേക്കുള്ള ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം ഉൾപ്പെടെയുള്ള പോളിംഗ് സാമഗ്രികൾ വെള്ളിയാഴ്ച രാവിലെ 10 മുതൽ മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിൽനിന്ന് സെക്ടറൽ ഓഫീസർമാർ ഏറ്റുവാങ്ങി പ്രത്യേകം വാഹനങ്ങളിൽ ബൂത്തുകളിൽ എത്തിക്കും. ഒരു സെക്ടറൽ ഓഫീസർക്ക് അഞ്ച് ബൂത്തുകളുടെ ചുമതലയുണ്ടാവും. ആകെ ഏഴ് സെക്ടറൽ ഓഫീസർമാരുണ്ടാവും.
പോളിംഗ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച 12 മണിയോടെ നേരിട്ട് പോളിംഗ് സ്‌റ്റേഷനുകളിൽ എത്തുകയാണ് ചെയ്യുക. റിസർവ് ഉദ്യോഗസ്ഥർ വിതരണ കേന്ദ്രത്തിലെത്തും. ഒാരോ ബൂത്തിലും ഒരു പ്രിസൈഡിംഗ് ഓഫീസർ, ഒരു ഫസ്റ്റ് പോളിംഗ് ഓഫീസർ, രണ്ട് പോളിംഗ് ഓഫീസർമാർ, ഒരു പോളിംഗ് അസിസ്റ്റൻറ് എന്നിങ്ങനെ അഞ്ച് പേരുണ്ടാവും. പോളിംഗ് ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവുകൾ കൈമാറിയിട്ടുണ്ട്. 175 പോളിംഗ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചത്. ഇതിന് പുറമെയാണ് റിസർവ് ഉദ്യോഗസ്ഥർ.
വോട്ടെടുപ്പ് കഴിഞ്ഞ് സെക്ടറൽ ഓഫീസർമാർ സീൽ ചെയ്ത ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രം ബൂത്തുകളിൽ ചെന്ന് ശേഖരിച്ച് വോട്ടെണൽ കേന്ദ്രമായ മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ എത്തിക്കും. ആഗസ്റ്റ് 22 തിങ്കളാഴ്ച രാവിലെ 10 മണി മുതലാണ് വോട്ടെണ്ണൽ.

ബൂത്തിൽ ഹാജരാക്കാവുന്ന
തിരിച്ചറിയൽ രേഖകൾ

ആഗസ്റ്റ് 20ന് നടക്കുന്ന മട്ടന്നൂർ നഗരസഭയിലെ പൊതുതിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിന് പോളിംഗ് സ്റ്റേഷനിലേയ്ക്ക് ഓരോ സമ്മതിദായകൻ പ്രവേശിക്കുമ്പോഴും പ്രിസൈഡിംഗ് ഓഫീസറുടേയോ ഓഫീസർ അധികാരപ്പെടുത്തിയ പോളിംഗ് ഓഫീസറുടെയോ മുമ്പാകെ താഴെപ്പറയുന്ന രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കേണ്ടതാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 1995ലെ കേരള മുനിസിപ്പാലിറ്റി (തിരഞ്ഞെടുപ്പ് നടത്തിപ്പ്) ചട്ടങ്ങളിലെ ചട്ടം 31 (2) പ്രകാരമാണിത്. തിരിച്ചറിയൽ രേഖകൾ:

  1. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്
    2 പാസ്‌പോർട്ട്
  2. ഡ്രൈവിംഗ് ലൈസൻസ്
  3. പാൻ കാർഡ്
  4. ആധാർ കാർഡ്
  5. ഫോട്ടോ പതിച്ച എസ്.എസ്.എൽ.സി ബുക്ക്
  6. ഏതെങ്കിലും ദേശസാത്കൃത ബാങ്കിൽ നിന്നും തിരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുമ്പു വരെ നൽകിയ ഫോട്ടോ പതിച്ച പാസ്ബുക്ക്.
  7. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ തിരിച്ചറിയൽ കാർഡ്.