മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍,ശമ്പള പരിഷ്ക്കരണം
ധനസഹായം
കക്ക വാരാന്‍ പോയി തോണിമറിഞ്ഞ് ഉണ്ടായ അപകടത്തില്‍ മരണപ്പെട്ട മലപ്പുറം തിരൂര്‍ താലൂക്കില്‍ പുറത്തൂര്‍ വില്ലേജില്‍ പുതുപ്പള്ളിയില്‍ അബ്ദുള്‍ സലാം, അബൂബക്കര്‍, റുഖിയ എന്നിവര്‍ക്ക് ഓരോ ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിക്കും. കൂടാതെ അപകടത്തില്‍ മരിച്ച സൈനബയുടെ രണ്ട് കുട്ടികള്‍ക്ക് മൂന്ന് ലക്ഷം രൂപവീതവും അനുവദിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം വനിതാ ശിശുക്ഷേമ വകുപ്പിന്‍റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വഹിക്കും.
മരണപ്പെട്ട നാല് വ്യക്തികളുടെ കുടുംബങ്ങള്‍ക്കും മരണാനന്തര ക്രിയകള്‍ക്കുള്ള അടിയന്തിര ധനസഹായം 40,000 രൂപയും അനുവദിച്ചിട്ടുണ്ട്.
പേപ്പാറ വന്യജീവി സങ്കേതത്തിലെ പൊടിയകാല സെറ്റില്‍മെന്‍റില്‍ മരണപ്പെട്ട വിശ്വനാഥന്‍കാണിയുടെ ആദിവാസി കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന് രണ്ട് ലക്ഷം രൂപ ധന സഹായം അനുവദിച്ചു.
ശമ്പള പരിഷ്ക്കരണം
സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ജീവനക്കാർക്ക് പതിനൊന്നാം ശമ്പള പരിഷ്ക്കരണ ആനുകൂല്യം നൽകുന്നതിന് തത്വത്തിൽ അംഗീകാരം നല്‍കി.
കേരള മീഡിയ അക്കാദമിയിലെ ജീവനക്കാരുടെ ശമ്പളം, അലവന്‍സുകള്‍ എന്നിവ വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കാന്‍ തീരുമാനിച്ചു.
കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷനിലെ കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന 615 ജീവനക്കാരുടെയും ദിവസവേതന വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന 40 ജീവനക്കാരുടെയും വേതനം നിബന്ധനകളോടെ പരിഷ്കരിക്കുന്നതിന് തീരുമാനിച്ചു.
ഭരണാനുമതി
കണ്ണൂര്‍ ജില്ലയിലെ പിണറായി വില്ലേജില്‍ കിഫ്ബി ധനസഹായത്തോടെ വിദ്യാഭ്യാസ സമുച്ചയം നിര്‍മ്മിക്കുന്നതിന് 245 കോടി രൂപയുടെ പ്രവര്‍ത്തിക്ക് ഭരണാനുമതി നല്‍കി.
നിയമനം
ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ്
ആന്‍റ് ടെക്നോളജിയില്‍ ന്യൂറോ സര്‍ജറി വകുപ്പില്‍ നിന്ന് വിരമിച്ച ഡോ. സഞ്ജീവ് വി തോമസിനെ പുനര്‍ നിയമന വ്യവസ്ഥയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേറ്റീവ് ആന്‍റ് കൊഗ്നിറ്റീവ് ന്യൂറോ സയന്‍സസ് ഡയറക്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.
56 അതിവേഗ പ്രത്യേക കോടതികളുടെ കാലാവധി ഒരു
വര്‍ഷത്തേക്ക് നീട്ടുന്നതിന് അനുമതി നല്‍കി. 31.03. 2023 വരെ ഈ കോടതികള്‍ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടായിരിക്കും.