മമ്മൂട്ടിയുടെ അതിഥിയായി പിണറായി വിജയന്‍

തൃക്കാക്കരയിലെ പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ അതിഥിയായി മുഖ്യമന്ത്രി പിണറായി വിജയൻ മമ്മൂട്ടിയുടെ വീട്ടിൽ. പ്രചാരണത്തിനായി തൃക്കാക്കരയിൽ ക്യാമ്പ് ചെയ്യുന്ന പിണറായി വിജയൻ മമ്മൂട്ടിയുടെ ക്ഷണം സ്വീകരിച്ച് കടവന്ത്രയിലെ പുതിയ വീട്ടിലാണ് എത്തിയത്. മമ്മൂട്ടിയും ദുൽഖർ സൽമാനും പിണറായിയെ സ്വാഗതം ചെയ്തു. പിണറായി വിജയനും മമ്മൂട്ടിയും ദുൽഖർ സൽമാനും ഒരുമിച്ചുള്ള ചിത്രം ജോൺ ബ്രിട്ടാസ് എംപിയാണ് ഫേസ്ബുക്കിൽ പങ്കുവച്ചത്.

മമ്മൂക്കയ്ക്കും ദുൽഖറിനും നന്ദി എന്ന അടിക്കുറിപ്പോടെയാണ് ജോൺ ബ്രിട്ടാസ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. സിപിഎം നേതൃത്വം നൽകുന്ന കൈരളി ടിവിയുടെ ചെയർമാൻ കൂടിയാണ് മമ്മൂട്ടി. യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്, എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫ്, ബി.ജെ.പി സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണൻ എന്നിവർ തൃക്കാക്കര നിയമസഭാ മണ്ഡലത്തിലെ വോട്ടർ കൂടിയായ മമ്മൂട്ടിയെ കണ്ടിരുന്നു.

വർഷങ്ങളായി പനമ്പിള്ളി നഗറിലെ വീട്ടിൽ താമസിക്കുന്ന മമ്മൂട്ടി കൊവിഡ് കാലത്ത് കടവന്ത്ര ഏലംകുളത്ത് നിർമ്മിച്ച പുതിയ വീട്ടിലേക്ക് താമസം മാറി. കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ആഘോഷങ്ങളൊന്നുമില്ലാതെയാണ് അദ്ദേഹം പുതിയ വീട്ടിലേക്ക് മാറിയത്.