മരബോട്ടുകളുടെ കാലപരിധി നീട്ടല്‍:
നടപടി സ്വീകരിക്കുമെന്ന് മന്ത്രി

തടികൊണ്ട് നിര്‍മ്മിച്ചതുള്‍പ്പെടെയുളള മത്സ്യബന്ധന ബോട്ടുകള്‍ക്ക് നിലവിലെ കാലപരിധി കഴിഞ്ഞശേഷം മൂന്ന് വര്‍ഷത്തേക്ക് കൂടി കാലപരിധി ദീര്‍ഘിപ്പിക്കുന്നതിന് ടെക്‌നിക്കല്‍ കമ്മറ്റി ശുപാര്‍ശ ചെയതിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ആവശ്യമായ തുടര്‍നടപടി സ്വീകരിച്ചു വരികയാണെന്നും ഫിഷറീസ്, ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ നിയമസഭയില്‍ അറിയിച്ചു. കെ വി സുമേഷ് എംഎല്‍എ അവതരിപ്പിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

നിലവില്‍ വീല്‍ഹൗസ് ഉളള മരബോട്ടുകള്‍ക്ക് 12 വര്‍ഷവും വീല്‍ഹൗസ് ഇല്ലാത്ത മരബോട്ടുകള്‍ക്ക് എട്ട് വര്‍ഷവുമാണ് കാലപരിധി. 12 വര്‍ഷം കഴിഞ്ഞ മരബോട്ടുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കാത്തത് മത്സ്യ തൊഴിലാളികളേയും ഹാര്‍ബറുകളേയും സാരമായി ബാധിച്ചിരുന്നു. 12 വര്‍ഷം കഴിഞ്ഞ ബോട്ട് ഉപേക്ഷിച്ച് പുതിയത് വാങ്ങുക എന്നത് സാധാരണക്കാരായ മത്സ്യതൊഴിലാളികളെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക ബാധ്യതയാവുന്ന സാഹചര്യത്തിലാണ് എം എല്‍ എ സബ്മിഷന്‍ അവതരിപ്പിച്ചത്.

കാലപ്പഴക്കം ചെന്നതും കടലില്‍ മത്സ്യബന്ധന ക്ഷമതയില്ലാത്തതുമായ നിരവധി ബോട്ടുകള്‍ സംസ്ഥാന തീരത്ത് മത്സ്യബന്ധനം നടത്തി വരുന്നതായും അവ അപകടത്തില്‍പ്പെടുന്നതായും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2018 ല്‍ മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുളള സാങ്കേതിക സ്ഥാപനങ്ങളായ സിഫ്റ്റ് (CIFT), സിറ്റ് (CIFNET), മെര്‍ക്കന്റൈന്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് (MMD) എന്നിവയുമായും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡുമായും സംസ്ഥാന ഫിഷറീസ് വകുപ്പ് ഈ വിഷയം ചര്‍ച്ച നടത്തിയിരുന്നു. ഇവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ചേര്‍ന്ന ടെകിനിക്കല്‍ കമ്മറ്റിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ബോട്ടുകള്‍ക്ക് പരമാവധി 12 വര്‍ഷം കാലപരിധി നിശ്ചയിച്ചിരുന്നത്.

മോട്ടോര്‍ വാഹനങ്ങള്‍ക്ക് റീ ടെസ്റ്റ് നടത്തി നിശ്ചിത കാലത്തേക്കു കൂടി കാലപരിധി ദീര്‍ഘിപ്പിച്ച് നല്‍കുന്നതുപോലെ മത്സ്യബന്ധന യാനങ്ങളുടെ കാര്യത്തില്‍ സീവര്‍ത്ത്‌നെസ്സ് പരിശോധിച്ച് ഉറപ്പു വരുത്തി ഒരു നിശ്ചിത കാലത്തേക്ക് കൂടി കാലപരിധി ദീര്‍ഘിപ്പിച്ച് ലൈസന്‍സ് അനുവദിക്കണമെന്ന് മത്സ്യബന്ധന മേഖലയില്‍ ആവശ്യമുയര്‍ന്നിരുന്നു.അതിന്റെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാന മാരിടൈം ബോര്‍ഡിന്റെ പ്രതിനിധിയെ കൂടി ഉള്‍പ്പെടുത്തി ടെക്‌നിക്കല്‍ കമ്മറ്റി പുന:സംഘടിപ്പിച്ചു. ഈ കമ്മറ്റിയുടെ നിര്‍ദേശപ്രകാരമാണ് തടികൊണ്ട് നിര്‍മ്മിച്ചതുള്‍പ്പെടെയുളള മത്സ്യബന്ധന ബോട്ടുകള്‍ക്ക് നിലവിലുളള വിജ്ഞാപന പ്രകാരമുളള കാലപരിധി കഴിഞ്ഞശേഷം മൂന്ന് വര്‍ഷത്തേക്ക് കൂടി കാലപരിധി വര്‍ദ്ധിപ്പിച്ച് നല്‍കാമെന്ന് ശുപാര്‍ശ ചെയ്തത് . ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായി മന്ത്രി നിയമസഭയില്‍ അറിയിച്ചു.