മലബാറിന്റെ വിനോദസഞ്ചാര സാധ്യത കൂടുതല്‍ പ്രയോജനപ്പെടുത്തും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

മലബാറിന്റെ വിനോദസഞ്ചാര സാധ്യതകള്‍ കൂടുതല്‍ പ്രയോജനപ്പെടുത്തുമെന്നും മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ടം ഈ വര്‍ഷം തന്നെ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പറശ്ശിനിക്കടവില്‍ അനുവദിച്ച വാട്ടര്‍ ടാക്‌സിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലബാറില്‍ വലിയ വിനോദസഞ്ചാര സാധ്യതയാണ് നിലവിലുള്ളത്. അത്0 നാം വേണ്ടവിധം പ്രയോജനപ്പെടുത്തിയിരുന്നില്ല. കണ്ണൂര്‍ വിമാനത്താവളം യാഥാര്‍ഥ്യമായതോടെ അത്തരം സാധ്യതകള്‍ വര്‍ധിച്ചു.

ഈ സാഹചര്യത്തിലാണ് വടക്കന്‍ മലബാറിന്റെ വിനോദ സഞ്ചാര വികസനം ലക്ഷ്യംവെച്ച് കാസര്‍കോട്-കണ്ണൂര്‍ ജില്ലകളിലെ നദികളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള ബൃഹത്തായ ടൂറിസം പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. 325 കോടി രൂപ ചെലവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഈ വര്‍ഷം തന്നെ പദ്ധതിയുടെ ഒന്നാംഘട്ടം പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമം. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ടൂറിസം മേഖലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതികളില്‍ 85 ശതമാനവും പ്രവര്‍ത്തനമാരംഭിക്കാന്‍ സാധിച്ചിട്ടുണ്ട്. ആറ് ബോട്ടുകള്‍ വാങ്ങുന്നതിനായി 4.67 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു.

ഇതില്‍ ഒരു ബോട്ട് നിര്‍മ്മിച്ച് ടൂറിസം വകുപ്പിന് നല്‍കി. മാര്‍ച്ചില്‍ ഒരു ബോട്ടും, ബാക്കി നാല് ബോട്ടുകള്‍ മെയ് മാസത്തോടെയും ലഭിക്കുമെന്ന് കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നടപ്പാക്കുന്ന 17 പദ്ധതികളില്‍ അഞ്ച് പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവ പുരോഗമിച്ചുവരികയാണെന്നും മന്ത്രി അറിയിച്ചു.

ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി കേരള ടൂറിസം വകുപ്പ്, ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷന്‍ മുഖേനയാണ് തച്ചോളി ഒതേനന്‍ എന്ന് പേരിട്ടിരിക്കുന്ന വാട്ടര്‍ ടാക്സി രൂപകല്‍പന ചെയ്തത്. എട്ട് മീറ്റര്‍ നീളവും 2.08 മീറ്റര്‍ വീതിയുമുള്ള ടാക്സിയില്‍ ഡ്രൈവര്‍ക്ക് പുറമെ ആറ് പേര്‍ക്ക് യാത്ര ചെയ്യാം. നേരത്തെ 10 പേര്‍ക്ക് സഞ്ചരിക്കാവുന്ന 30 കിലോമീറ്റര്‍ വേഗതയുള്ള വാട്ടര്‍ ടാക്‌സി പറശ്ശിനിക്കടവില്‍ സര്‍വ്വീസ് ആരംഭിച്ചിരുന്നു. മലബാറിലെ ആദ്യത്തേയും കേരളത്തിലെ രണ്ടാമത്തെയും വാട്ടര്‍ ടാക്‌സിയായിരുന്നു പറശ്ശിനിക്കടവിലേത്.

പറശ്ശിനിക്കടവ് ബോട്ട് ടെര്‍മിനലില്‍ നടന്ന പരിപാടിയില്‍ ജെയിംസ് മാത്യു എം എല്‍ എ അധ്യക്ഷനായി. പിന്നണി ഗായിക സയനോര ഫിലിപ്പ് ആദ്യയാത്ര നടത്തി. കേരള ടൂറിസം വകുപ്പ് ഡയറക്ടറും കെടിഡിസി മാനേജിംഗ് ഡയറക്ടറുമായ കൃഷ്ണ തേജ മൈലവരപ്പ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആന്തൂര്‍ നഗരസഭ അധ്യക്ഷന്‍ പി മുകുന്ദന്‍, സ്ഥിരംസമിതി അധ്യക്ഷന്‍ കെ വി പ്രേമരാജന്‍ മാസ്റ്റര്‍, ഉള്‍നാടന്‍ ജലഗതാഗത വകുപ്പ് എക്സി. എഞ്ചിനീയര്‍ ജോളിസൂസന്‍ ചെറിയാന്‍, കെടിഡിസി ഡയറക്ടര്‍ പി പി ദിവാകരന്‍, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി മുരളീധരന്‍ എന്നിവര്‍ പങ്കെടുത്തു.