പ്രതിസന്ധികള്‍ക്കിടയിലും വികസനം തുടരാന്‍ സര്‍ക്കാരിന് കഴിഞ്ഞു: മുഖ്യമന്ത്രി

പുതിയ മമ്പറം പാലം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

സംസ്ഥാനത്ത് പല പ്രതിസന്ധികളും പ്രയാസങ്ങളും ഉണ്ടായപ്പോഴും വികസന പ്രവര്‍ത്തനങ്ങള്‍ സ്തംഭിക്കരുത് എന്ന കാഴ്ചപ്പാടാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പുതുതായി നിര്‍മ്മിച്ച മമ്പറം പാലത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയം, കൊവിഡ് തുടങ്ങിയ പ്രതിസന്ധികള്‍ ഉണ്ടായപ്പോഴും അടിസ്ഥാന സൗകര്യ വികസനത്തില്‍ ഊന്നല്‍ നല്‍കി മുന്നോട്ട് പോവാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

മമ്പറം പുതിയ പാലത്തിനു വേണ്ട നടപടികള്‍ ആദ്യമേ തുടങ്ങിയെങ്കിലും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് അപ്രോച്ച് റോഡിനു വേണ്ടിയുള്ള സ്ഥലം ഏറ്റെടുത്തത്. ദേശീയ ജലപാത കടന്നുപോവുന്ന വഴി ആയതിനാല്‍ രൂപരേഖ മാറ്റുന്നതിനുള്ള കാലതാമസം ഉണ്ടായി. മമ്പറം നിവാസികളുടെ ദീര്‍ഘകാല ആവശ്യമാണ് ഇതോടെ നിറവേറിയത്. കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരുന്നതിനും പാലം പ്രയോജനപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നടക്കില്ലെന്നു പറഞ്ഞ പല പദ്ധതികളും ഈ സര്‍ക്കാര്‍ നടപ്പാക്കി. പൊതുമരാമത്ത് വകുപ്പ് മുഖേന മാത്രം 20000 കോടി രൂപയുടെയും കിഫ്ബി വഴി 10000 കോടി രൂപയുടെയും വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പാക്കിയത്. പുതിയ പദ്ധതികള്‍ക്കായി ബജറ്റിലും തുക വകയിരുത്തി.

പാലങ്ങള്‍, റോഡുകള്‍, കുടിവെള്ളം, വീടുകള്‍, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഉറപ്പുവരുത്തി. കൊച്ചി മെട്രോ, കണ്ണൂര്‍ വിമാനത്താവളം, ദേശീയ ജലപാത, മലയോര ഹൈവേ എന്നിവ ഏറ്റെടുത്ത് നടപ്പാക്കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന്മുമ്പ് സംസ്ഥാനത്തെ പച്ചക്കറി ഉല്‍പാദനം ആറ് ലക്ഷം ടണ്‍ ആയിരുന്നു. എന്നാല്‍ ഇന്ന് 15 ലക്ഷം ടണ്ണായി. പച്ചക്കറിയില്‍ കേരളം സ്വയം പര്യാപ്തത നേടി. പാല്‍, മുട്ട എന്നിവയുടെ ഉല്‍പ്പാദനത്തിലും കേരളം സ്വയംപര്യാപ്തമാകും. ഇത്തരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നവ സഹകരണ സംഘങ്ങള്‍ മുഖേന വിറ്റഴിക്കും. താമസിയാതെ സംസ്ഥാനത്ത് നിന്ന് കാര്‍ഷികോല്‍പന്നങ്ങള്‍ വിദേശത്തേക്ക് കയറ്റിയയക്കും. അതിന് വേണ്ട തയ്യാറെടുപ്പുകള്‍ പുരോഗമിക്കുകയാണ്. ജനങ്ങളെ ഒന്നിച്ച് നിര്‍ത്തി അതുവഴി വികസനം സാധ്യമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പ്രകടന പത്രികയില്‍ പ്രഖ്യാപിച്ച എല്ലാ വാഗ്ദാനങ്ങളും സര്‍ക്കാര്‍ ഇതിനോടകം പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍ കൂത്തുപറമ്പ് റോഡില്‍ അഞ്ചരക്കണ്ടി പുഴയ്ക്ക് കുറുകെയാണ് മമ്പറം പാലം നിര്‍മ്മിച്ചിരിക്കുന്നത്. ധര്‍മ്മടം മണ്ഡലത്തിലെ പെരളശ്ശേരി, വേങ്ങാട് പഞ്ചായത്തുകളെയാണ് പാലം ബന്ധിപ്പിക്കുന്നത്. നബാര്‍ഡ് ആര്‍ഐഡിഎഫ് 22 സ്‌കീമില്‍ ഉള്‍പ്പെടുത്തി 13.40 കോടി രൂപ ചെലവിലാണ് പദ്ധതി. പാലത്തോട് ചേര്‍ന്ന് കണ്ണൂര്‍ ഭാഗത്തേക്ക് 200 മീറ്ററും കൂത്തുപറമ്പ് ഭാഗത്ത് 92 മീറ്റര്‍ നീളത്തിലുമായി അനുബന്ധ റോഡും നിര്‍മ്മിച്ചിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നാട മുറിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ചന്ദ്രന്‍ കല്ലാട്ട്, തലശ്ശേരി ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ പ്രമീള, വേങ്ങാട് പഞ്ചായത്ത് പ്രസിഡണ്ട് കെ ഗീത, പെരളശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്എ വി ഷീബ, എടക്കാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി ബാലഗോപാലന്‍, വേങ്ങാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി ചന്ദ്രന്‍, മുന്‍ എംഎല്‍എ കെ കെ നാരായണന്‍, പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.