‘കാന്താര’ 400 കോടി ക്ലബ്ബിലേക്ക്; ഹിന്ദി പതിപ്പ് മാത്രം നേടിയത് 70.50 കോടി
സമീപകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു ദക്ഷിണേന്ത്യൻ ചിത്രമാണ് ‘കാന്താര’. സെപ്റ്റംബർ 30ന് റിലീസ് ചെയ്ത ചിത്രത്തിന്റെ യഥാർത്ഥ കന്നഡ പതിപ്പ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് 100 കോടി ക്ലബിലെത്തിയത്. ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം പതിപ്പുകളും തിയേറ്ററുകളിൽ റിലീസ് ചെയ്തിരുന്നു. ഇവയും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. കേരളത്തിൽ കാന്താര 43 ദിവസങ്ങൾ പൂർത്തിയാക്കി. പൃഥ്വിരാജ് പ്രൊഡക്ഷൻസാണ് ചിത്രം കേരളത്തിലെത്തിച്ചത്.
അതേസമയം, തിയേറ്ററുകളിൽ റിലീസ് ചെയ്ത് 6 ആഴ്ചകൾ പിന്നിടുമ്പോഴും കാന്താര ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഇന്നലെ വരെ 360 കോടി രൂപയാണ് ചിത്രം നേടിയത്. ഇതിൽ ഇന്ത്യയിലെ 328 കോടി രൂപയും വിദേശത്ത് നിന്നുള്ള 30 കോടി രൂപയും ഉൾപ്പെടുന്നു. ചിത്രം ഇതേ രീതിയിൽ തുടരുകയാണെങ്കിൽ, ഈ വാരാന്ത്യത്തോടെ കാന്താര 400 കോടി ക്ലബിൽ പ്രവേശിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ അനുമാനം. ചിത്രത്തിന്റെ ഹിന്ദി പതിപ്പ് മാത്രം ഇതുവരെ 70.50 കോടി രൂപ നേടി.
റിഷഭ് ഷെട്ടിയാണ് ‘കാന്താര’യുടെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. അദ്ദേഹം തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പരമ്പരാഗത നൃത്തമായ ഭൂത കോലത്തെ ചുറ്റിപ്പറ്റിയുള്ള ഒരു ആക്ഷൻ ത്രില്ലറാണ് ‘കാന്താര’. കെജിഎഫിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസാണ് കാന്താര നിർമ്മിച്ചത്. സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീർ, നവീൻ ഡി പാട്ടീൽ, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.