മഴക്കെടുതി: ജില്ലയില്‍ 9.14 കോടിയുടെ കൃഷിനാശം

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ 9.14 കോടി രൂപയുടെ കൃഷിനാശം ഉണ്ടായതായി കണക്കുകള്‍. 335.57 ഹെക്ടറിലായി 5,950 പേരുടെ കൃഷി നശിച്ചു. ഇതില്‍ 2829 വാഴ കര്‍ഷകരും 789 തെങ്ങ് കര്‍ഷകരും 501 കവുങ്ങ് കര്‍ഷകരും ഉള്‍പ്പെടുന്നു.
വാഴ (4.78 കോടി രൂപ), മരച്ചീനി (1.34 കോടി), റബ്ബര്‍ (96.56 ലക്ഷം), പ്ലാവ് (84 ലക്ഷം), തെങ്ങ് (56.22 ലക്ഷം) വിളകള്‍ക്കാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. 90695 വാഴകളും 5134 റബ്ബര്‍ മരങ്ങളും കനത്ത കാറ്റിനെ തുടര്‍ന്ന് നശിച്ചു. ഇതിന് പുറമെ കവുങ്ങ്- 1763, തെങ്ങ്-1209, തെങ്ങിന്‍ തൈ- 25, കുരുമുളക്- 775, കശുമാവ്- 205 എന്നിവയും നശിച്ചു.


23 ഹെക്ടറിലെ പയറുവര്‍ഗ്ഗങ്ങളും, 29.7 ഹെക്ടറിലെ നെല്‍കൃഷിയും, 37.6 ഹെക്ടറിലെ മരച്ചീനിയും 6.6 ഹെക്ടര്‍ പ്രദേശത്തെ പച്ചക്കറി കൃഷിയും രണ്ട് ഹെക്ടറില്‍ കിഴങ്ങുവര്‍ഗ്ഗങ്ങളും .04 ഹെക്ടര്‍ പ്രദേശത്തെ പ്ലാവുകള്‍ എന്നിവയ്ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
മലയോര മേഖലയായ ഇരിക്കൂര്‍ ബ്ലോക്കിലാണ് കാര്‍ഷിക വിളകള്‍ക്കു ഏറ്റവും കൂടുതല്‍ നാശം സംഭവിച്ചിരിക്കുന്നത്. 1639 കര്‍ഷകരുടെ 132.62 ഹെക്ടറിലെ വിളകളാണ് മഴയും കാറ്റും കൊണ്ടുപോയത്. ഇരിക്കൂര്‍ ബ്ലോക്കില്‍ മാത്രം ഏകദേശം 3.36 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തല്‍.
പയ്യന്നൂര്‍ ബ്ലോക്കില്‍ 78.8 ഹെക്ടറിലാണ് കൃഷി നാശമുണ്ടായത്. ഇതില്‍ 75 ഹെക്ടറും കരിവള്ളൂര്‍ പെരളം കൃഷി ഭവന്റെ കീഴിലാണ്.ബ്ലോക്ക് അടിസ്ഥാനത്തില്‍ തളിപ്പറമ്പ് 37.4, തലശ്ശേരി 16.77, കൂത്തുപറമ്പ് 12.99, ഇരിട്ടി 12.61, പേരാവൂര്‍ 11.4, പാനൂര്‍ 10.91, കല്യാശ്ശേരി 8.95, എടക്കാട് 7.84, കണ്ണൂര്‍ 0.6 ഹെക്ടര്‍ കൃഷിയുമാണ് നശിച്ചത്.