മഴ മുന്നറിയിപ്പില്‍ മാറ്റം,നാളെ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് എറണാകുളം, ഇടുക്കി ജില്ലകളിലും നാളെ ഇടുക്കി ജില്ലയിലും മാത്രമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴ പെയ്യുമെന്ന് പ്രവചിച്ചത്.എന്നാല്‍ പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച്‌ വെള്ളിയാഴ്ച തൃശൂര്‍ ജില്ലയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ശനിയാഴ്ച ഇടുക്കി ജില്ലയില്‍ മാത്രമാണ് മുന്നറിയിപ്പ് ഉണ്ടായിരുന്നത്. പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച്‌ പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ചയും തെക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും വയനാട്, കാസര്‍കോട്, കണ്ണൂര്‍, പാലക്കാട് ഒഴികെയുള്ള മറ്റു ജില്ലകളിലും ശക്തമായ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടല്‍.

തിങ്കളാഴ്ച വരെ കേരളത്തില്‍ പരക്കെ മഴ കിട്ടുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും തെക്കന്‍ ആന്‍ഡമാന്‍ കടലിലും മെയ് 15 ഓടേ കാലവര്‍ഷം എത്തിച്ചേരുമെന്നാണ് പ്രവചനം. ഇതിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ പരക്കെ മഴ കിട്ടുക എന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു