മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു. ഗോവയില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.

ഇവര്‍ സഞ്ചരിച്ച വാഹനം നദിയിലേക്ക് മറിയുകയായിരുന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

നവിമുബൈയിലെ വാഷിയിൽ സ്ഥിരതാമസക്കാരായ മലയാളികളുടെ സംഘമാണ് അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഒരു സ്ത്രീയും മൂന്നു വയസ്സുള്ള കുട്ടിയുമുണ്ടെന്നാണ് റിപ്പോർട്ട്. പുണെയ്ക്കു സമീപം സത്താറയ്ക്കും കരാടിനും ഇടയിലാണ് അപകടം. ഉർമുടി പാലത്തിൽ നിന്ന് 50 അടി കൊക്കയിലേക്ക് വണ്ടി മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണെന്ന് കരുതുന്നു.