മാധ്യമങ്ങൾ സർവേ നടത്തി തന്നെ തോൽപിക്കാൻ ശ്രമിക്കുകയാണെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: മാധ്യമങ്ങൾ സർവേ നടത്തി തന്നെ തോൽപിക്കാൻ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സർവേയിലൂടെ യുഡിഎഫിനെ തകർക്കാൻ ആസൂത്രിത നീക്കം ഉണ്ടെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
കേരളത്തിലെ മാധ്യമങ്ങൾ നടത്തുന്നത് പ്രത്യക്ഷത്തിൽ നിഷ്പക്ഷമെന്ന് തോന്നിക്കുന്ന ഹീന തന്ത്രങ്ങളാണ്. താൻ സർക്കാരിനെതിരെ ആരോപണങ്ങളുന്നയിച്ചത് തെളിവുകളുടെ അടിസ്ഥാനത്തിൽ ആണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.അഴിമതികളൊന്നും പ്രശ്നമല്ലെന്ന് പറയുന്ന സര്‍വേകള്‍ ജനം തൂത്തെറിയും. 20 കോടി പരസ്യത്തിൻ്റെ ഉപകാരസ്മരണയാണ് നടക്കുന്നത്. ന്യായമായി ലഭിക്കേണ്ട പരിഗണന പോലും പ്രതിപക്ഷത്തിന് ലഭിക്കുന്നില്ലെന്നും അഭിപ്രായസര്‍വേകള്‍ ജനഹിതം അട്ടിമറിക്കാന്‍ ഉപയോഗിക്കുന്നെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
തന്റെ ആരോപണങ്ങൾക്ക് മുമ്പിൽ സർക്കാർ മുട്ടുമടക്കേണ്ടി വന്നുവെന്നും രമേശ് ചെന്നിത്തല അവകാശപ്പെട്ടു. തന്നെ തകർക്കാൻ സിപിഎമ്മിനോ സർക്കാരിനോ കഴിയില്ല. അതുകൊണ്ട് അഭിപ്രായ സർവേയിലൂടെ തകർക്കാം എന്ന് കരുതിയാൽ ഞങ്ങൾ ഇതൊക്കെ കുറെ കണ്ടതാണ് എന്നു മാത്രമേ പറയാനുള്ളൂ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.ജനങ്ങളുടെ സര്‍വേ യുഡിഎഫിന് അനുകൂലമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് 12 മുതല്‍ 15 സീറ്റ് വരെ പറഞ്ഞു. പാലക്കാട്ട് യുഡിഎഫിന് മൂന്നാം സ്ഥാനം പറഞ്ഞവരുണ്ട്. – അദ്ദേഹം പറഞ്ഞു. പ്രചാരണത്തില്‍ സിപിഎമ്മും ബിജെപിയും പണം വാരിയെറിയുന്നു. ഇതിന്‍റെ ഉറവിടം അന്വേഷിക്കണം– അദ്ദേഹം ആവശ്യപ്പെട്ടു.മാധ്യമങ്ങൾ നടത്തിയ പ്രീ പോൾ സർവ്വേയിൽ എല്ലാത്തിലും മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള നേതാക്കളുടെ പട്ടികയിൽ അവസാന സ്ഥാനക്കാരനാണ് രമേശ് ചെന്നിത്തല.