മാർച്ച് ഒന്നുമുതൽ രണ്ടാംഘട്ട വാക്സിനേഷനുള്ള രജിസ്ട്രേഷൻ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മാർച്ച് ഒന്നുമുതൽ രണ്ടാംഘട്ട കോവിഡ് 19 വാക്സിനേഷനുള്ള രജിസ്ട്രേഷൻ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 60 വയസിന് മുകളിൽ പ്രായമുള്ള എല്ലാ പൗരൻമാർക്കും 45 നും 59 നും ഇടയിൽ പ്രായമുള്ള മറ്റ് രോഗബാധിതർക്കുമാണ് രജിസ്ട്രേഷൻ അനുവദിക്കുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ നിർദേശമനുസരിച്ച് സംസ്ഥാനത്തെ വിവിധ സർക്കാർ ആശുപത്രികൾക്ക് പുറമേ തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്സിനെടുക്കാനുള്ള സൗകര്യം ഒരുക്കുന്നതാണ്.

സർക്കാർ ആശുപത്രികളിൽ വാക്സിനേഷൻ സൗജന്യമാണ്. ഇപ്പോൾ പൊതുജനങ്ങൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കോവിഡ് വാക്സിനേഷൻ സെന്ററിൽ പോയി രജിസ്റ്റർ ചെയ്യുന്ന സൗകര്യം പിന്നീടറിയിക്കുന്നതാണ്