മാർച്ച് ഒന്നു മുതൽ 60 വയസിനു മുകളിലുള്ളവർക്ക് വാക്സിൻ വിതരണം

ന്യൂഡൽഹി: മാർച്ച് ഒന്നു മുതൽ 60 വയസിനു മുകളിലുള്ളവർക്കും 45 വയസിന് മുകളിലുള്ള അസുഖ ബാധിതർക്കും കോവിഡ് വാക്സിൻ വിതരണം നടത്തുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

10,000 സർക്കാർ കേന്ദ്രങ്ങളിലൂടെയും 20,000 സ്വകാര്യ കേന്ദ്രങ്ങളിലൂടെയുമാകും വാക്സിൻ വിതരണം നടത്തുക. സർക്കാർ കേന്ദ്രങ്ങളിൽ വാക്സിൻ സൗജന്യ നിരക്കിലാകും നൽകുകയെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.

സ്വകാര്യ ആശുപത്രികളിൽ നിന്ന് വാക്സിൻ ഡോസെടുക്കുന്നവർക്ക് പണം നൽകേണ്ടി വരും. ആശുപത്രികളുമായും വാക്സിൻ നിർമാതാക്കളുമായും ചർച്ച നടത്തിയ ശേഷം മൂന്നോ നാലോ ദിവസത്തിനുള്ള വാക്സിന്റെ വില ആരോഗ്യ മന്ത്രാലയം തീരുമാനിക്കുമെന്നും കേന്ദ്ര മന്ത്രി കൂട്ടിച്ചേർത്തു.