മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായർ മൊഴി നൽകിയതായി ക്രൈംബ്രാഞ്ച്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ ഇഡി ഭീഷണിപ്പെടുത്തിയെന്ന് സന്ദീപ് നായർ മൊഴി നൽകിയതായി ക്രൈംബ്രാഞ്ച്. ഇഡിക്കെതിരായ കേസിൽ ക്രൈംബ്രാഞ്ച് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് മൊഴിയുടെ വിശദാംശങ്ങൾ ഉള്ളത്.

സ്പീക്കർ, മന്ത്രി കെ ടി ജലീൽ, ബിനീഷ് കോടിയേരി എന്നിവർക്കെതിരെ മൊഴി നൽകാനും ഇഡി ഭീഷണിപ്പെടുത്തിയെന്ന് മൊഴിയിൽ പറയുന്നു. ഇഡി കൃത്രിമ തെളിവ് ഉണ്ടാക്കിയെന്നും മാനസിക പീഡനം ഉണ്ടായെന്നും സന്ദീപ് മൊഴി നൽകി.

സന്ദീപിൻ്റെ മൊഴി നിർണ്ണായകമെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസം ജയിലിൽ നടന്ന ചോദ്യം ചെയ്യലിലാണ് ഇഡി ഉദ്യോഗസ്ഥർക്കെതിരെ സന്ദീപ് മൊഴി നൽകിയത്. മുഖ്യമന്ത്രിക്കും മറ്റ് ഉന്നതർക്കുമെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ നിർ‍ബന്ധിച്ചുവെന്നായിരുന്നു മൊഴി. ഇതിൻ്റെ അടിസ്ഥാനത്തിൽ രഹസ്യമൊഴി രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ചിന് എറണാകുളം സിജെഎം കോടതിയുടെ അനുമതി നൽകിയിരുന്നു.