മുട്ടിൽ മരംമുറി അന്വേഷിക്കാൻ ക്രൈംബ്രാഞ്ച് സംഘം; ഐജി സ്പർജൻ കുമാറിന് മേൽനോട്ട ചുമതല
മുട്ടിൽ മരംമുറിക്കേസിൽ ഉന്നതതല അന്വേഷണത്തിന് ക്രൈംബ്രാഞ്ച് സംഘം രൂപീകരിച്ചു. ഐജി സ്പർജൻ കുമാറിനാണ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല. തൃശൂർ, മലപ്പുറം, കോട്ടയം എസ്പിമാരും അന്വേഷണ സംഘത്തിലുണ്ടാകും. മരംകൊള്ളയിലെ ഗൂഡാലോചനയാണ് ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുക.
വനംകൊള്ളയുമായി ബന്ധപ്പെട്ട് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം നടത്തിയ പരിശോധനയിൽ ഗൂഡാലോചന അടക്കം നടന്നതായി സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിജിപി നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്തിന് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല നൽകുകയും ചെയ്തിരുന്നു. വിജിലൻസ്, വനംവകുപ്പ്, ക്രൈംബ്രാഞ്ച് സംഘങ്ങൾ സംയുക്തമായാണ് മരംകൊള്ള കേസ് അന്വേഷിക്കുന്നത്.