മുട്ടിൽ മരംമുറി : വിവാദ ഉത്തരവ് ഇറക്കാൻ നിർദേശിച്ചത് ഇ ചന്ദ്രശേഖരൻ
മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് ഇറക്കാൻ നിർദേശിച്ചത് മുൻ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണെന്ന് കണ്ടെത്തൽ.
മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവുകളെല്ലാം ഇറക്കിയത് ഉദ്യോഗസ്ഥരായിരുന്നു എന്നതായിരുന്നു ഇതുവരെ പുറത്ത് വന്ന വിവരം. എന്നാൽ വിവരാവകാശ പ്രകാരം പുറത്ത് വന്ന രേഖയിൽ മന്ത്രിയുടെ നിർദേശം ഉൾപ്പെടുത്തിയ ഉത്തരവാണ് ഉദ്യോഗസ്ഥർ പുറത്തിറക്കിയതെന്ന് വ്യക്തമാകുന്നു.
മരംമുറിയുമായി ബന്ധപ്പെട്ട് കർഷകർ സമർപ്പിച്ച അപേക്ഷകൾ പരിഗണിച്ച് തീരുമാനമെടുക്കുന്നതിന് വിവിധ തലങ്ങളിൽ യോഗങ്ങൾ ചേർന്നിരുന്നു. ഈ യോഗങ്ങളിലെല്ലാം ഈട്ടി, തേക്ക്, കരിമരം എന്നിവ മുറിക്കാൻ പാടില്ലെന്ന് ഉദ്യോഗസ്ഥർ നിലപാടെടുത്തിരുന്നു. എന്നാൽ ചന്ദനമൊഴികെയുള്ള എല്ലാ മരങ്ങളും മുറിക്കാമെന്ന നിലപാടെടുത്തത് ഇ.ചന്ദ്രശേഖരനാണ്. ഇത്തരത്തിൽ മരംമുറിക്കുമ്പോൾ അതിനെതിരെ അനാവശ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി കർഷകരുടേയും സാധരണക്കാർക്കും തടസം നിൽക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുമെന്നും, അതുമായി ബന്ധപ്പെട്ട ദുർവ്യാഖ്യാനങ്ങളോ വിവാദ ഉത്തരവുകളോ പാടില്ലെന്നും മന്ത്രി നിർദേശിച്ചിരുന്നു. ഈ നിർദേശമടങ്ങിയ കുറിപ്പാണ് റവന്യൂ ഉദ്യോഗസ്ഥർ ഉത്തരവായി ഇറക്കിയത്.