മുതിർന്ന മാധ്യമപ്രവർത്തകൻ കെ പത്മനാഭൻ നായർ അന്തരിച്ചു


കോട്ടയം :മുതിർന്ന മാധ്യമ പ്രവർത്തകനും മനോരമ വാരിക മുൻ പത്രാധിപരും എഴുത്തുകാരനും നാടകപ്രവർത്തകനുമായ കെ പത്മനാഭൻ നായർ (പത്മൻ -90) നിര്യാതനായി. വിഖ്യാത സാഹിത്യകാരൻ സി വി രാമൻപിള്ളയുടെ മകൾ മഹേശ്വരിയമ്മയുടെയും ഹാസ്യസാമ്രാട്ട് ഇ വി കൃഷ്ണപിള്ളയുടെയും മകനും പ്രശസ്ത നടൻ അടൂർ ഭാസിയുടെയും ചലച്ചിത്ര പ്രവർത്തകൻ ചന്ദ്രാജിയുടെയും സഹോദരനുമാണ്.

മലയാളത്തിലാദ്യമായി കുട്ടികളുടെ നാടകവേദി എന്ന ആശയം നടപ്പാക്കിയത് പത്മനാണ്. കേരള പത്രപ്രവർത്തക യൂണിയൻ മലയാള മനോരമ യൂണിറ്റിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു. പത്രപ്രവർത്തക യൂണിയൻ കോട്ടയം ജില്ലാ ഭാരവാഹിയായും പ്രസ് ക്ലബ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

1930 ൽ ജനിച്ച പത്മനാഭൻ നായർ അടൂർ ഹൈസ്കൂളിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി ഇന്റർമീഡിയറ്റ് കോളജ്, പന്തളം എൻഎസ്എസ് കോളജ് എന്നിവിടങ്ങളിലാണ് ഉപരിപഠനം നടത്തിയത്.

1961 ലാണ് കുട്ടികളുടെ നാടകവേദി രൂപീകരിച്ചത്. പത്മൻ എഴുതി സഹോദരൻ അടൂർ ഭാസി സംവിധാനം ചെയ്ത ‘വിടരുന്ന മൊട്ടുകൾ’ എന്ന നാടകം കേരളത്തിലുടനീളം അവതരിപ്പിക്കപ്പെട്ടു. ഇന്ദിരഗാന്ധിയായിരുന്നു ഉദ്ഘാടനം. നാടകത്തിൽ പത്മൻ തന്നെ രചിച്ച് ഈണം നൽകിയ ഗാനങ്ങൾ പ്രസിദ്ധമാണ്. മനോരമയിൽനിന്നു വിരമിച്ച ശേഷം, വിടരുന്ന മൊട്ടുകൾ വീണ്ടും അരങ്ങിലെത്തിച്ചു.

‘കുഞ്ചുകുറുപ്പും പ്രഹ്ലാദനും’, സഹോദരൻ അടൂർ ഭാസിയുടെ ജീവചരിത്രം ‘എന്റെ ഭാസിയണ്ണൻ’, ഭാസിയെക്കുറിച്ചുള്ള ‘നാടകാന്തം ഭാസ്യം’, ‘ഭാസുരം ഹാസ്യം’, കുട്ടികളുടെ നാടകങ്ങളായ ‘കുഞ്ഞലകൾ’, ‘കുഞ്ഞാടുകൾ’ തുടങ്ങിയവയാണ് പ്രധാന പുസ്തകങ്ങൾ.