മുത്തങ്ങയിലും തോല്‍പെട്ടിയിലും വിനോദസഞ്ചാരം നിരോധിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ മുത്തങ്ങ, തോല്‍പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇന്നു മുതല്‍ ഏപ്രില്‍ 15 വരെ വിനോദസഞ്ചാരികള്‍ക്കു പ്രവേശനം നിരോധിച്ചു. കര്‍ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളില്‍ നിന്നു വന്യജീവികള്‍ തീറ്റയും വെള്ളവും തേടി വയനാടന്‍ കാടുകളിലേക്കു കൂട്ടത്തോടെ വരാന്‍ തുടങ്ങിയ സാഹചര്യത്തിലാണിത്.

വന്യജീവിസങ്കേതത്തില്‍ വരള്‍ച്ച രൂക്ഷമായതിനാല്‍ കാട്ടുതീ ഭീഷണിയും ഉണ്ട്. ഈ സമയത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദസഞ്ചാരം വന്യജീവികളുടെ സ്വൈരവിഹാരത്തിനു തടസ്സം സൃഷ്ടിക്കാനും വിനോദസഞ്ചാരികളുടെ സുരക്ഷിതത്വത്തിനു ഭീഷണിയുണ്ടാകാനും സാധ്യതയുണ്ടെന്നു വിലയിരുത്തിയാണു വിനോദസഞ്ചാരം താല്‍ക്കാലികമായി വിലക്കി പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉത്തരവിട്ടത്.