മുന്‍ മന്ത്രി ടി. ശിവദാസമേനോന്റെ സംസ്‌കാരം ഇന്ന്

മുതിര്‍ന്ന സിപിഐഎം നേതാവും മുന്‍ മന്ത്രിയുമായ ടി. ശിവദാസമേനോന്റെ സംസ്‌കാരം ഇന്ന് 10.30ഓടെ മഞ്ചേരിയിലെ വീട്ടുവളപ്പില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എം ബി രാജേഷ് ഉള്‍പ്പെടെയുള്ളവര്‍ അന്തിമോപചാരം അര്‍പ്പിക്കും.

കോഴിക്കോട് മിംസ് ആശുപത്രിയില്‍ രാവിലെ പതിനൊന്നരയോടെ അന്തരിച്ച ശിവദാസമേനോന്റെ മൃതദേഹം 3 മണിക്ക് മഞ്ചേരിയിലെ വീട്ടിലെത്തിച്ചു. അന്തിമോപചാരമര്‍പ്പിക്കാന്‍ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലകളില്‍ നിന്ന് നിരവധിപേരാണ് എത്തിയത്.