മെയ് മാസത്തെ ശമ്പള വിതരണം; സര്‍ക്കാരിനോട് 65 കോടി ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി

കെഎസ്ആർടിസി സംസ്ഥാന സർക്കാരിനോട് 65 കോടി രൂപയുടെ സാമ്പത്തിക സഹായം തേടി. മെയ് മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിനു കെഎസ്ആർടിസി സർക്കാരിനോട് സാമ്പത്തിക സഹായം തേടി. ഏപ്രിൽ മാസത്തെ ശമ്പള വിതരണം പൂർത്തിയായതോടെയാണ് കെഎസ്ആർടിസി സർക്കാരിനോട് കൂടുതൽ സാമ്പത്തിക സഹായം തേടിയത്.

എല്ലാ ജീവനക്കാരുടെയും ശമ്പള വിതരണം ഇന്നലെ രാത്രിയോടെ പൂർത്തിയായി. 50 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റും 20 കോടി രൂപ ധനസഹായവും സർക്കാരിൽ നിന്ന് വാങ്ങിയാണ് ശമ്പള വിതരണം പൂർത്തിയാക്കിയത്. മെയ് മാസം അവസാനിക്കാൻ ഇനി ദിവസങ്ങൾ പോലും അവശേഷിക്കെ അടുത്ത മാസം ശമ്പളം നൽകാൻ സർക്കാരിനെ ആശ്രയിക്കേണ്ടി വന്നിരിക്കുകയാണ്.

ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും വെള്ളിയാഴ്ചയാണ് ശമ്പളം ലഭിച്ചത്. മറ്റ് ജീവനക്കാരുടെ ശമ്പളം ഇന്നലെ വിതരണം ചെയ്തു. എന്നാൽ ശമ്പളം എന്നെന്നേക്കുമായി വിതരണം ചെയ്യുന്നതിനു കെഎസ്ആർടിസിക്ക് സാമ്പത്തിക സഹായം നൽകാനാവില്ലെന്ന നിലപാടിൽ സർക്കാർ ഉറച്ചുനിൽക്കുകയാണ്. ശമ്പള വിതരണം വൈകിയത് പണിമുടക്ക് മൂലമല്ലെന്നും പെട്ടിയിൽ പണമില്ലാത്തത് കൊണ്ടാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.